Sheena Bora murder case: CBI opposes Indrani Mukerjea’s bail application

മുംബൈ: ചികിത്സാ ആവശ്യങ്ങള്‍ക്കായി ഷീനബോറാ വധക്കേസിലെ മുഖ്യപ്രതി ഇന്ദ്രാണി മുഖര്‍ജി നല്‍കിയ ജാമ്യാപേക്ഷയ്ക്ക് എതിരെ സി.ബി.ഐ പ്രാദേശിക കോടതിയില്‍ മറുപടി സമര്‍പ്പിച്ചു.

ഫെബ്രുവരി 5ന് ഇന്ദ്രാണി നല്‍കിയ ജാമ്യാപേക്ഷയില്‍ ആരോഗ്യം സ്ഥിതി വഷളാകുന്നുവെന്നാണ് പറയുന്നത്. ഇന്ദ്രാണിയെ പാര്‍പ്പിച്ചിരിക്കുന്ന ബൈക്കുള്ളയിലുള്ള വനിതാ ജയിലില്‍ മതിയായ ചികിത്സ അവര്‍ക്ക് ലഭിക്കുന്നുണ്ടെന്നും ജയില്‍ കാന്റീനില്‍ നിന്ന് പോഷകാഹാരം നല്‍കുന്നുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവരുടെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ പറയുന്നു.

തുടര്‍ച്ചയായി ബോധം നഷ്ടപ്പെുന്നുവെന്നും തലച്ചോറിലേക്ക് ഓക്‌സിജന്‍ എത്തുന്നതിന് തടസം നേരിടുന്ന പ്രശ്‌നം മൂലം പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ദ്രാണിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്.

മാത്രമല്ല കഴിഞ്ഞ ഒക്ടോബറില്‍ ജയിലില്‍ ബോധംകെട്ടുവീണിട്ട് ആറു മണിക്കൂറിനു ശേഷമാണ് ചികിത്സ ആരംഭിച്ചതെന്നും അതില്‍ പറയുന്നു. ഇന്ദ്രാണിയുടെ മകള്‍ ഷീനാ ബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന, മുന്‍ ഡ്രൈവര്‍ ശ്യാംരവി എന്നിവരെ അറസ്റ്ര് ചെയ്തിരുന്നു. അടുത്തയാഴ്ച ഇന്ദ്രാണിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.

Top