Sheena Bora murder case: CBI gets court permission to question Indrani in prison

മുംബൈ: ഷീന ബോറ വധക്കേസിലെ പ്രതി ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് മുംബൈ സ്‌പെഷ്യല്‍ കോടതിയുടെ അനുമതി. സ്‌പെഷ്യല്‍ സി.ബി.ഐ ജഡ്ജി എച്ച്.എസ് മഹാജനാണ് ഇന്ദ്രാണി മുഖര്‍ജിയെ ബൈക്കുള ജയിലില്‍ വെച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയത്.

കേസുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ ഇന്ദ്രാണിയുടെ പക്കല്‍ നിന്ന് അറിയാനുണ്ടെന്നും ഇതിന് ഇന്ദ്രാണി മുഖര്‍ജിയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും സി.ബി.ഐ കോടതിയില്‍ പറഞ്ഞു. സി.ബി.ഐ ഇന്ദ്രാണി മുഖര്‍ജിയെ നാല് ദിവസം ചോദ്യം ചെയ്‌തേക്കും.

ഇന്ദ്രാണിയുടെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യപേക്ഷ സി.ബി.ഐ കോടതി നേരത്തേ എതിര്‍ത്തിരുന്നു. പീറ്റര്‍ മുഖര്‍ജിക്കും കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് സി.ബി.ഐ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇന്ദ്രാണി നല്‍കിയതായി സി.ബി.ഐ പറഞ്ഞു. ഷീനാ ബോറ വധക്കേസുമായി ബന്ധപ്പെട്ട് ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയേയും സഞ്ജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായിയേയും കുറ്റക്കാരെന്ന് കണ്ടത്തെിയിരുന്നു.

ഇന്ദ്രാണിയും പീറ്റര്‍ മുഖര്‍ജിയും തമ്മിലുള്ള ബന്ധം വളരെ മോശം നിലയിലായിരുന്നുവെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു. 2012 ഏപ്രിലിലായിരുന്നു ഷീനാബോറയെ കാണാതായത്. മുംബൈ മെട്രോയില്‍ ഉദ്ദ്യോഗസ്ഥയായിരുന്നു ഷീനാ ബോറ. സഞജീവ് ഖന്നയും ഡ്രൈവര്‍ ശ്യാംവര്‍ റായും കുറ്റം സമ്മതിച്ചിരുന്നു.

Top