ഷീലാ ദീക്ഷിതിന്റെ നിര്യാണം: അനുശോചനം അറിയിച്ച് കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറുമായിരുന്ന ഷീലാ ദീക്ഷിതിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഷീല ദിക്ഷിതിന്റെ ആകസ്മികമായ നിര്യാണം കോണ്‍ഗ്രസ് പാര്‍ട്ടിക്കും, രാജ്യത്തിനും തീരാ നഷ്ടമാണെന്നും കെ സി വേണുഗോപാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ആധുനിക ഡല്‍ഹിയുടെ വികസനത്തിന് അടിത്തറ നല്‍കിയ ഭരണാധികാരിയായിരുന്നു ഷീലാ ദീക്ഷിത്. അവസാന ശ്വാസം വരെ കോണ്‍ഗ്രസ് പാര്‍ട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സമുന്നതയായ നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും കുലീനമായ ഔന്ന്യത്യം പ്രകടിപ്പിച്ച ശക്തയായ ജനപ്രതിനിധിയായിരുന്നു ഷീല ദിക്ഷിത്. കെ സി വേണുഗോപാല്‍ പറഞ്ഞു.

വളരെ കുറച്ച് കാലമാണെങ്കില്‍ കൂടിയും കേരളത്തിന്റെ ഗവര്‍ണ്ണര്‍ എന്ന നിലക്ക്, കേരള സമൂഹത്തിന്റെ ഒന്നാകെ ആദരവ് നേടാനും അവര്‍ക്കു സാധിച്ചു. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ പോലും അനാരോഗ്യം വകവെക്കാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം നല്‍കാന്‍ മുന്‍പന്തിയില്‍ ഷീല ദീക്ഷിത് ഉണ്ടായിരുന്നു. ആസന്നമായ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കാന്‍ മുന്നിട്ടിറങ്ങിയ അവസരത്തിലാണ് ഷീല ദിക്ഷിത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കെ സി വേണുഗോപാല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Top