ഷീല ദീക്ഷിതിന്റെ തീരുമാനം അസാധുവാക്കി പി.സി ചാക്കോ; ഡല്‍ഹിയില്‍ പോര്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പാര്‍ട്ടിയുടെ 280 ബ്ലോക് കമ്മിറ്റികളും പിരിച്ചുവിട്ടുള്ള ഷീല ദീക്ഷിതിന്റെ തീരുമാനം പി.സി ചാക്കോ അസാധുവാക്കി. കമ്മിറ്റി പിരിച്ചുവിട്ട തീരുമാനം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് ചാക്കോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ഷീല ദീക്ഷിതിനും അയച്ചുനല്‍കുകയും ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരാജയം കണ്ടെത്താന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഷീല ദീക്ഷിതിന്റെ നീക്കം. എന്നാല്‍ ഈ തീരുമാനം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നേതാക്കള്‍ സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെയും ചാക്കോയേയും കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ കഴിയില്ലെന്നും പുതിയ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ കാലതാമസം ഉണ്ടാകുമെന്നുമാണ് നേതാക്കള്‍ ചാക്കോയേയും വേണുഗോപാലിനെയും അറിയിച്ചത്.

കമ്മിറ്റികള്‍ പിരിച്ചുവിടാന്‍ തീരുമാനമെടുത്തത് ഏകപക്ഷീയമായാണെന്നും ചാക്കോയോട് ആലോചിച്ചില്ലെന്നും ഷീല വിരുദ്ധ ഗ്രൂപ്പ് ആരോപിക്കുന്നു. അജയ് മാക്കന്‍ ഡല്‍ഹി പിസിസി അധ്യക്ഷനായിരുന്നപ്പോള്‍ രൂപീകരിച്ചതാണ് ബ്ലോക് തല കമ്മിറ്റികള്‍.

വെള്ളിയാഴ്ച ചാക്കോയും ഷീല ദീക്ഷിതും അടങ്ങുന്ന സംസ്ഥാന നേതൃത്വം രാഹുല്‍ ഗാന്ധിയെ കണ്ടിരുന്നു. അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ കൂടിക്കാഴ്ചയില്‍ രാഹുല്‍ നേതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു. ഈ യോഗം അവസാനിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഷീല ദീക്ഷിതും പി.സി ചാക്കോയും തമ്മിലടിച്ചത്.

Top