ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാന പദവി ; സുപ്രീംകോടതി വിധി ശരിയെന്ന് ഷീലാ ദീക്ഷിത്

sheela-deekshith

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ പൂര്‍ണ സംസ്ഥാന പദവി സംബന്ധിച്ചുള്ള സുപ്രീംകോടതി വിധി പൂര്‍ണമായും മാനിക്കുന്നുവെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്. ലഫ്. ഗവര്‍ണറും സര്‍ക്കാറും ഒരുമിച്ചു മുന്നോട്ട് നീങ്ങിയെങ്കില്‍ മാത്രമേ ഡല്‍ഹിയുടെ വികസനം സാധ്യമാകൂവെന്നും അത്തരത്തിലുള്ള യോജിപ്പ് ഇല്ലാതായാല്‍ സംസ്ഥാനം ഭരണ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് 15 വര്‍ഷകാലം സംസ്ഥാനം ഭരിച്ചപ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞിരുന്നു. ഭരണഘടനാ തീരുമാനങ്ങള്‍ ലഫ്.ഗവര്‍ണര്‍ വൈകിപ്പിക്കരുതെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു. മന്ത്രിസഭയുടെ ഉപദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ ലഫ്.ഗവര്‍ണര്‍ക്ക് ബാധ്യതയുണ്ട്. ഗവര്‍ണര്‍ക്ക് തുല്യമല്ല ലഫ്.ഗവര്‍ണര്‍ പദവിയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പറയുന്നത്.

സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും ഹാജരായി.

ലഫ്.ഗവര്‍ണറുടെ അധികാരങ്ങള്‍ സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി അനുകൂലമായതില്‍ സന്തോഷമുണ്ടെന്നും . ഇത് ഡല്‍ഹിയിലെ ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

Top