കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞവള്‍; രേഖക്ക് ഇന്ന് എഴുപതാം പിറന്നാള്‍

ബോളിവുഡിന്റെ താര സുന്ദരി ഐസ് ക്വീന്‍, ട്രന്‍ഡ് സെറ്റര്‍ രേഖക്ക് ഇന്ന് 70-ാം പിറന്നാള്‍.  ഭാനുരേഖ ഗണേശന്‍,  സിനിമയിലേക്കുള്ള ചുവടുവെപ്പില്‍ രേഖ എന്ന പേര് സ്വീകരികികുകയായിരുന്നു. അഭിനേതാക്കളായ പുഷ്പവല്ലിയുടെയും ജെമിനി ഗണേശന്റെയും മകളായ രേഖ, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

കന്നഡ സിനിമയായ ‘ഓപ്പറേഷന്‍ ജാക്ക്‌പോട്ട് നല്ലി സി ഐ ഡി 999’ (1969) എന്ന ചിത്രത്തിലൂടെ നായികയായ്. ‘സാവന്‍ ഭഡോണി’ലൂടെ ഹിന്ദി അരങ്ങേറ്റം(1970)  ഒരു വളര്‍ന്നുവരുന്ന താരമായി സ്ഥാപിച്ചു,  എന്നാല്‍ ആദ്യ കാലങ്ങളില്‍ രൂപത്തെ പറ്റിയും മറ്റും ഒരുപാട് കളിയാക്കലുകള്‍ അവര്‍ നേരിട്ടു. വിമര്‍ശനങ്ങള്‍ ഏറ്റ്  വാങ്ങികൊണ്ടു തന്നെ അവര്‍ നായികാ പട്ടത്തിലേക്ക് ഉയര്‍ന്നുകൊണ്ടിരുന്നു. ‘ഘര്‍ , മുഖദ്ദര്‍ കാ സിക്കന്ദര്‍’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് 1978-ല്‍ ലഭിച്ച ആദ്യ അംഗീകാരം രേഖയുടെ കരിയറിലെ ഏറ്റവും വിജയകരമായ കാലഘട്ടത്തിന്റെ തുടക്കമായി.

1970 കളുടെയും 1980 കളുടെയും തുടക്കത്തിലാണ് രേഖ പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തുന്നത്. ഗോസിപ്പ് മാസികകള്‍ അവളുടെ വ്യക്തിജീവിതത്തില്‍ കൂടുതല്‍ കൈകടത്തുകയുണ്ടായി. രേഖയുടെ കഥാപാത്രങ്ങള്‍ ശരിക്കും ശ്രദ്ധ നേടാന്‍ തുടങ്ങിയത് മുസഫര്‍ അലിയുടെ 1981-ല്‍ പുറത്തിറങ്ങിയ ഉംറാവു ജാന്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ്. ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് അവര്‍ക്ക് ലഭിച്ചിരുന്നെങ്കിലും രേഖയുടെ അഭിനയത്തേക്കാളും ആളുകളുടെ ശ്രദ്ധ കൂടുതലായി പോയിരുന്നത് അവളുടെ വ്യക്തി ജീവിതത്തിലേക്കും അമിതാഭ് ബച്ചനുമായുള്ള ബന്ധത്തിലേക്കുമായിരുന്നു.

1840 കളിലെ കഥ പറയുന്ന ചിത്രമാണ് ഉംറാവു ജാന്‍ .വേശ്യാലയത്തിലേക്ക് വില്‍ക്കപ്പെട്ട അമിറാന്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് ഉംറാവു ജാന്‍. വേശ്യാലയത്തില്‍ വെച്ച് അമിറാന്റെ പേര് ഉംറാവു എന്നായി മാറ്റപ്പെട്ടു. അവള്‍ക്ക് ഒരു വേശ്യയായി പുരുഷന്മാരെ രസിപ്പിക്കുവാന്‍ വേണ്ടി കവിത, നൃത്തം എന്നീ കലാരൂപങ്ങള്‍ പഠിക്കേണ്ടി വന്നു. രേഖയുടെ അതിലോലമായ നൃത്തച്ചുവടുകളും കവിതയും അവളിലെ ഉംറാവുവിനെ മികച്ചതാക്കി മാറ്റി.

രേഖയുടെയും ഉംറാവുവിന്റെയും ജീവിതം സംവിധായകന്‍ മുസാഫര്‍ അലി മുമ്പ് താരതമ്യം ചെയ്തിട്ടുണ്ട്, ഈ രണ്ട് സ്ത്രീകളും ഭൂതകാലത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് സഞ്ചരിക്കുവാന്‍ ധൈര്യമുള്ളവരാണ്. ”രേഖയുടെ ശ്രദ്ധേയമായ സവിശേഷത അവളുടെ വ്യത്യസ്തമായ ഭൂതകാലമായിരുന്നു. ജീവിതത്തില്‍ പലയിടങ്ങളിലും തോറ്റുപോയവളുടെ കണ്ണുകളായിരുന്നു അവരുടേത്. എന്നാല്‍ വീഴുന്നിടത്തു എഴുന്നേറ്റു വരാനുളള ധൈര്യവും ആ കണ്ണുകളിലുണ്ടായിരുന്നു.

കലാക്കാരന്മാര്‍ക്കു ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികള്‍ പെട്ടെന്നു അതിജീവിക്കാന്‍ സാധിക്കുമെന്നും കൂടുതല്‍ ഉറപ്പോടെ മുന്നോട്ടു നീങ്ങാന്‍ കഴിയുമെന്നും രേഖയുടെ ജീവിതം തെളിയിക്കുന്നു. ‘രേഖ ദി അണ്‍ടോള്‍ഡ് സ്റ്റോറി’ യില്‍ യാസര്‍ ഉസ്മാന്‍, അവര്‍ക്ക് അമിതാഭ് ബച്ചനുമായുള്ള ആരോപിക്കപ്പെടുന്ന ബന്ധത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. രേഖയുടെ സിനിമയേക്കാള്‍ അവരുടെ വ്യക്തി ജീവിതത്തെക്കുറിച്ചറിയാനായിരുന്നു പ്രേക്ഷര്‍ക്ക് താല്‍പര്യം.

1990ല്‍ രേഖ ഡല്‍ഹി ആസ്ഥാനമായുള്ള വ്യവസായി മുകേഷ് അഗര്‍വാളിനെ രേഖ വിവാഹം ചെയ്തു. ഈ ബന്ധത്തിന്റെ ആയുസ് വളരെ കുറവായിരുന്നു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മുകേഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

2018ല്‍ പുറത്തിറങ്ങിയ ‘ദീവാനാ: ഫിര്‍ സേ’ എന്ന ചിത്രത്തിലെ പാട്ട് രംഗത്തിലാണ് രേഖ അവസാനമായി പ്രത്യക്ഷപ്പെട്ടത്. 2010ല്‍ ഇന്ത്യാ ഗവണ്മെന്റ് പത്മശ്രീ നല്‍കി ആദരിച്ചു. ‘ഇന്‍ ആന്‍ഖോന്‍ കി മസ്തി’, ‘ദില്‍ ചീസ് ക്യാ ഹേ’ തുടങ്ങിയ ഗാനങ്ങളിലെ രേഖയുടെ കണ്ണുകള്‍ നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷവും അവളുടെ ആരാധകര്‍ ഓര്‍ക്കുന്നു. 2006-ല്‍ ഐശ്വര്യ റായിക്കൊപ്പം ജെ പി ദത്ത ഈ ചിത്രം റീമേക്ക് ചെയ്തു, എന്നാല്‍ ഒരിക്കല്‍ സെല്ലുലോയിഡില്‍ രേഖ അവശേഷിപ്പിച്ച പ്രതീതി ഒരിക്കലും അത് സൃഷ്ടിച്ചില്ല. രേഖക്ക് പിറന്നാള്‍ ആശംസകള്‍.

Top