ജനനേന്ദ്രിയം മുറിച്ച സംഭവം;യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടതെന്ന് തരൂര്‍

തിരുവനന്തപുരം: പീഡപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി തിരുവനന്തപുരം എംപി ശശി തരൂര്‍.

ആക്രമിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം അരിഞ്ഞെടുത്ത് നിയമം കൈയിലെടുക്കുന്നതിന് പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് സിഎന്‍എന്‍ – ഐബിഎന്‍ ചാനലിനോട് പ്രതികരിക്കവേ അദ്ദേഹം പറഞ്ഞു.

എല്ലാവര്‍ക്കുമെന്ന പോലെ എനിക്കും ആ കുട്ടിയോട് സഹതാപമുണ്ട്. പക്ഷേ നിയമം കൃത്യമായി പാലിക്കപ്പെടുന്ന ഒരു സമൂഹമല്ലേ നമ്മുക്ക് വേണ്ടത്. ഓരോ മനുഷ്യരും കത്തിയുമായി നീതി നടപ്പാക്കാനിറങ്ങുന്നത് ഒരു നല്ല പ്രവണതയാണോയെന്നും തരൂര്‍ ചോദിച്ചു.

വെള്ളിയാഴ്ച്ച രാത്രിയാണ് തിരുവനന്തപുരം പേട്ടയില്‍ തന്നെ ലൈംഗീകമായി ആക്രമിക്കാന്‍ ശ്രമിച്ച സന്ന്യാസിയുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തത്. കൃത്യത്തിന് ശേഷം പൊലീസില്‍ വിവരമറിയിച്ച പെണ്‍കുട്ടി പേട്ട പൊലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡി.കോളേജില്‍ ചികിത്സയിലാണ്. ലൈംഗീകാതിക്രമത്തിനും പോക്‌സോ നിയമപ്രകാരവും പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Top