ഗര്‍ഭിണിയായിരുന്ന സമയം കടുത്ത് സൈബര്‍ ആക്രമണം നേരിട്ടു ; മേഗന്‍

ഡല്‍ഹി: ഗര്‍ഭിണിയായിരുന്ന സമയം സോഷ്യല്‍ മീഡിയയില്‍ നിന്ന് നിരവധി സൈബര്‍ ആക്രമണം നേരിട്ടെന്ന് ബ്രിട്ടന്‍ മുന്‍ രാജകുടുംബാംഗം മേഗന്‍ മര്‍ക്കള്‍. വനിതാദിനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിനിടെയാണ് മേഗന്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് നേരിടേണ്ടി വന്ന ‘ടോക്സിസിറ്റിയെ’ കുറിച്ച് പ്രതികരിച്ചത്.

മനുഷ്യത്വരഹിതമായ തരത്തിലുള്ള സ്വഭാവവൈകൃതമാണ് സാമൂഹ്യമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും ഉള്ളവര്‍ പ്രകടമാക്കുന്നത്. രണ്ടു കുട്ടികളേയും ഗര്‍ഭം ധരിച്ചിരിക്കുന്ന സമയം തനിക്ക് അത് നേരിടേണ്ടിവന്നു. ആളുകള്‍ എന്തിനാണ് ഇത്രയും വെറുപ്പ് പരത്തുന്നതെന്നും അത് തികച്ചും ക്രൂരതയാണെന്നും മേഗന്‍ അഭിപ്രായപ്പെട്ടു. സ്വന്തം മാനസികാരോഗ്യം പരിഗണിച്ച് അത്തരം വെറുപ്പില്‍ നിന്നും മോശം കമന്റുകളില്‍ നിന്നും താന്‍ അകന്നു നില്‍ക്കുകയാണ് ചെയ്യാറുള്ളതെന്നും മേഗന്‍ പറഞ്ഞു.

‘നിങ്ങള്‍ ഒരു സ്ത്രീയെക്കുറിച്ച് മോശമായ കാര്യം വായിച്ചാല്‍ അത് സുഹൃത്തുക്കളുമായി എന്തിനാണ് പങ്കിടുന്നത്. അത് നിങ്ങളുടെ സുഹൃത്തോ അമ്മയോ മകളോ ആണെങ്കില്‍, നിങ്ങള്‍ അത് ചെയ്യില്ല. ഡിജിറ്റല്‍ രംഗത്തും മാധ്യമങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് ഈ മൂല്യ ശോഷണമാണ്’. മനുഷ്യത്വത്തെ നമ്മള്‍ മറന്നെന്നും ആ മനോഭാവം മാറണമെന്നും മേഗന്‍ പറഞ്ഞു രാജകുടുംബത്തില്‍ നിന്ന് അകന്നതു മുതല്‍ മേഗനും ഹാരിയും സൈബറിടത്തു നിന്നും അല്ലാതെയും വലിയ തോതിലുള്ള ആക്രമണമാണ് നേരിടുന്നത്. അതിനാല്‍ തന്നെ കുടുംബം പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നതും ചുരുക്കമാണ്.

Top