അവൾ ആത്മഹത്യ ചെയ്തത് ആണാകാൻ അനുവദിക്കാത്തതിനെ തുടർന്നാണെന്ന് . . !

തിരുവനന്തപുരം : ആണായിമാറാനുള്ള അവളുടെ ആഗ്രഹം കൊണ്ടെത്തിച്ചത് മരണത്തിലേക്ക്. പനവിളയിലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ഇരുപത്തിരണ്ടുകാരി വീണുമരിച്ചത് ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ആണായി മാറാനുള്ള ശസ്ത്രക്രിയയ്ക്ക് വീട്ടുകാര്‍ അനുവദിക്കാത്തതിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത് .

നേമം സ്വദേശി ഫാത്തിമ രഹാന തിങ്കളാഴ്ച്ച രാവിലെയാണ് ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചത്. അബദ്ധത്തില്‍ വീണതോ, ആത്മഹത്യയോ ആകാമെന്ന ആദ്യ നിഗമനത്തിലായിരുന്നു പൊലീസ്. ഇന്നലെ ഹോസ്റ്റലിലെ ചില കുട്ടികളുടെ മൊഴികളില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. ആണ്‍കുട്ടിയായി മാറിയാല്‍ ഭാവിയില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ചും ഫാത്തിമയ്ക്ക് ആശങ്കകള്‍ ഉണ്ടായിരുന്നതായി കൂട്ടുകാരികള്‍ മൊഴി നല്‍കി. എന്നാല്‍ യുവതിയുടെ മതാപിതാക്കളുടെ മൊഴിയെടുത്തശേഷമേ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകൂ എന്ന് കന്റോണ്‍മെന്റ് സി.ഐ പ്രസാദ് പറഞ്ഞു.

ആണാവാനുള്ള ആഗ്രഹം അഞ്ചുമാസം മുന്‍പാണ് പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചത്. വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും ഫാത്തിമ പക്ഷേ പിന്മാറിയില്ല. സഹോദരി റംസിയുടെ വിവാഹം കഴിഞ്ഞാലുടന്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനുള്ള തീരുമാനത്തിലുമായിരുന്നു അവള്‍. ഈ മാനസിക സമ്മര്‍ദ്ദങ്ങളെല്ലാം കൂടിയാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

അതേസമയം മരണത്തിന് തൊട്ടുമുന്‍പ് പെണ്‍കുട്ടിയുമായി ആരെങ്കിലും മൊബൈല്‍ ഫോണില്‍ സംസാരിച്ചിരുന്നുവോ എന്നതിന്റെ വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല . മൊബൈല്‍ ഫോണ്‍ ലോക്കാണ് ഇതിനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട് . മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വിദേശത്തുള്ള മാതാപിതാക്കള്‍ എത്തിയതോടെ ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി നേമം ജമാഅത്ത് പള്ളിയില്‍ കബറടക്കി.

Top