എംഐ നോട്ട്ബുക്ക് ലാപ്‌ടോപ്പുകളുടെ പ്രധാന പോരായ്മ പരിഹരിക്കാന്‍ ഷവോമി

ഴിഞ്ഞ വര്‍ഷമാണ് എംഐ നോട്ട്ബുക്ക് 14, എംഐ നോട്ട്ബുക്ക് 14 ഹൊറൈസണ്‍ എഡിഷന്‍ മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ട് ഷവോമി രാജ്യത്തെ ലാപ്‌ടോപ്പ് വിപണിയിലേക്ക് കാലെടുത്ത് വച്ചത്. പിന്നീട് എംഐ നോട്ട്ബുക്ക് 14 ഇ-ലേണിംഗ് എഡിഷനും എംഐ നോട്ട്ബുക്ക് 14 (ഐസി)യും അവതരിപ്പിച്ച് ലാപ്‌ടോപ്പ് ശ്രേണി വിപുലീകരിച്ചു.

മികച്ച സ്വീകരണം എംഐ നോട്ട്ബുക്ക് ലാപ്‌ടോപ്പുകള്‍ക്ക് ലഭിച്ചു എങ്കിലും കീബോര്‍ഡിന് ബാക് ലൈറ്റില്ല എന്നതാണ് പ്രധാന പോരായ്മയായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയത്. ഇത് മൂലം രാത്രി സമയത്ത് വെളിച്ചം കുറവുള്ള ഇടങ്ങളില്‍ ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ അല്പം ബുദ്ധിമുട്ടാണ്.

ഏതായാലും ഈ കുറവ് പരിഹരിക്കാന്‍ ഷവോമി തീരുമാനിച്ചു എന്നാണ് ചീഫ് ബിസിനസ് ഓഫീസര്‍ രഘു റെഡ്ഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രം വെളിപ്പെടുത്തുന്നത്. ‘ഞാന്‍ കാത്തിരിക്കുന്ന പരിഷ്‌കരണം’ എന്ന കുറിപ്പോടെയാണ് ബാക് ലൈറ്റുള്ള കീബോര്‍ഡ് ലാപ്‌ടോപിന്റെ ചിത്രം രഘു റെഡ്ഡി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചൈനയില്‍ ബാക് ലൈറ്റ് കീബോര്‍ഡുള്ള എംഐ നോട്ട്ബുക്ക് ലാപ്ടോപ്പുകള്‍ ഷവോമി വില്‍ക്കുന്നതിനാല്‍ ഒന്നുകില്‍ പുത്തന്‍ ലാപ്‌ടോപ്പ് മോഡലുകള്‍ ഇന്ത്യയിലെത്തിക്കാനാണ് പദ്ധതി. അല്ലെങ്കില്‍ നിലവില്‍ ഇന്ത്യയിലുള്ള എംഐ നോട്ട്ബുക്ക് മോഡലുകള്‍ പരിഷ്‌കരിച്ച് ബാക് ലൈറ്റ് കീബോര്‍ഡുമായി ഷവോമി വിപണിയിലെത്തിക്കും

ചൈനയില്‍ വില്‍ക്കുന്ന എംഐ നോട്ട്ബുക്ക് പ്രീമിയം ലാപ്ടോപ്പുകള്‍ ഷവോമി ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ ഇതുവരെ മിഡ് റേഞ്ച് മോഡലുകള്‍ മാത്രമാണ് ഷവോമി ലോഞ്ച് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസമാണ് ഷവോമി തങ്ങളുടെ റെഡ്മി ബ്രാന്‍ഡില്‍ ലാപ്‌ടോപ്പ് വിപണിയിലെത്തിച്ചത്.

റെഡ്മിബുക്ക് പ്രോ, റെഡ്മിബുക്ക് ഇ-ലേണിങ് എഡിഷന്‍ എന്നിങ്ങനെ അവതരിപ്പിച്ച പുത്തന്‍ ലാപ്‌ടോപ്പുകള്‍ക്ക് 41,999 രൂപ മുതലാണ് വില. 11-ാം തലമുറ ഇന്റല്‍ കോര്‍ പ്രോസസ്സര്‍, ഫുള്‍-എച്ച്ഡി ഡിസ്‌പ്ലേ, ഒറ്റ ചാര്‍ജില്‍ 10 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് എന്നിവയുമായാണ് റെഡ്മിബുക്ക് ലാപ്ടോപ്പുകള്‍ വിപണിയിലെത്തിയിരിക്കുന്നത്.

 

Top