ഷോണ്‍ ടൈറ്റ് പുതുച്ചേരി രഞ്ജി ടീം പരിശീലകനാവുന്നു

മുന്‍ ഓസീസ് പേസര്‍ ഷോണ്‍ ടൈറ്റ് പുതുച്ചേരി രഞ്ജി ടീം പരിശീലക സംഘത്തിലേക്ക്. വരുന്ന സീസണില്‍ ടീമിന്റെ ബൗളിംഗ് പരിശീലകനായാണ് ടൈറ്റ് പ്രവര്‍ത്തിക്കുക. അടുത്തിടെ താരം അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായും ചുമതലയേറ്റിരുന്നു. അഫ്ഗാനിസ്ഥാനില്‍ അഞ്ച് മാസത്തേക്കാണ് താരത്തിന്റെ കരാര്‍.

ഈ മാസാവസാനത്തോടെ ടൈറ്റ് പുതുച്ചേരി ടീമിനൊപ്പം ചേരും. ഇതിനിടെ അഫ്ഗാന്‍ ടീമില്‍ നിന്ന് വിളി വന്നാല്‍ അവര്‍ക്കൊപ്പം ചേരുകയും അഫ്ഗാനിസ്ഥാനിലെ ജോലി കഴിഞ്ഞ് പുതുച്ചേരിയിലേക്ക് മടങ്ങിയെത്തുകയും ചെയ്യും.

ഓസ്‌ട്രേലിയക്കായി 35 ഏകദിങ്ങളും 21 ടി-20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് ടൈറ്റ്. ഏകദിനങ്ങളില്‍ 62 വിക്കറ്റുകള്‍ ഉള്ള താരം ടി-20 രാജ്യാന്തര കരിയറില്‍ 28 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഐപിഎല്‍ അടക്കം വിവിധ ടി-20 ലീഗുകളിലും താരം കളിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വേഗത ബൗളര്‍മാരില്‍ ഒരാളാണ് ടൈറ്റ്. മണിക്കൂറില്‍ 161.1 കിലോമീറ്റര്‍ വേഗതയില്‍ താരം പന്തെറിഞ്ഞിട്ടുണ്ട്. 2017ല്‍ ടൈറ്റ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

അടുത്ത രഞ്ജി ട്രോഫി സീസണ്‍ ജനുവരി 13 മുതല്‍ ആരംഭിക്കും. ടീമുകളെ 6 ഗ്രൂപ്പുകളാക്കി തിരിച്ചാവും മത്സരങ്ങള്‍. ടീമുകള്‍ അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനു ശേഷം രണ്ട് ദിവസത്തെ പരിശീലനത്തിന് അനുവദിക്കും. ബാംഗ്ലൂര്‍, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, തിരുവനന്തപുരം, അഹ്‌മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇക്കൊല്ലത്തെ രഞ്ജി ട്രോഫി റദ്ദാക്കിയിരുന്നു.

 

Top