ജയിക്കാന്‍ വേണ്ടി മാത്രം അവിശ്വസനീയമായ കഥകള്‍ പറയരുതെന്ന് മോദിയോട് ശത്രുഘ്നന്‍ സിന്‍ഹ

അഹമ്മദാബാദ് : ഗുജറാത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്.

ജയിക്കാന്‍ വേണ്ടി മാത്രം അവിശ്വസനീയമായ കഥകള്‍ പറയരുതെന്ന് സിന്‍ഹ തുറന്നടിച്ചു.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും മുന്‍ ഉപരാഷ്ട്രപതി ഹാമീദ് അന്‍സാരിയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു മോദിയുടെ ആരോപണം.

ഇത്തരം കഥകള്‍ക്ക് പകരം നമ്മുടെ വാഗ്ദാനങ്ങളെപ്പറ്റിയും വികസന മോഡലിനെപ്പറ്റിയും സംസാരിക്കൂ. തിരഞ്ഞെടുപ്പിനെ വര്‍ഗീയവല്‍ക്കരിക്കാതെ ആരോഗ്യകരമായ രാഷ്ട്രീയം ഉണ്ടാകട്ടെയെന്നും ശത്രുഘ്‌നന്‍ സിന്‍ഹ ട്വീറ്റ് ചെയ്തു.

ബഹുമാനപ്പെട്ട സാര്‍, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി, അതും പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ പകരം വയ്ക്കാനാകാത്തും അവിശ്വസനീയവുമായ കഥകള്‍ എതിരാളികള്‍ക്കെതിരെ കൊണ്ടുവരുന്നത് ശരിയോ..? പാക്കിസ്ഥാന്‍ ഹൈക്കമ്മിഷണറുമായും മറ്രും ബന്ധപ്പെടുത്തുന്നത് അവിശ്വസനീയം’ തന്നെയെന്നായിരുന്നു ട്വീറ്റ്.

മോദിയുടെ വിവാദ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്സും ശക്തമായി രംഗത്തെത്തിയിരുന്നു.

Top