പ്രതിപക്ഷ നേതാക്കളോടുള്ള അടുപ്പം; ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ബിജെപി സീറ്റ് നല്‍കില്ലെന്ന് സൂചന

ന്യൂഡല്‍ഹി: പട്‌നസാഹിബ് സീറ്റ് ബിജെപി രവിശങ്കര്‍ പ്രസാദിന് നല്‍കാന്‍ സാധ്യതയെന്ന് സൂചന. പാര്‍ട്ടി സിറ്റിങ് എംപി ശത്രുഘ്‌നന്‍ സിന്‍ഹയെ ഒഴിവാക്കിയാണ് കേന്ദ്രമന്ത്രിക്ക് സീറ്റ് നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും പങ്കെടുത്ത ബിജെപിയുടെ ദേശീയ തിരഞ്ഞെടുപ്പ് യോഗത്തിന് ശേഷം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും.

പാര്‍ട്ടി നേതൃത്വവുമായി ശത്രുഘ്‌നന്‍ സിന്‍ഹ കുറേക്കാലമായി അകല്‍ച്ചയിലാണ്. അടുത്ത കാലത്തായി പ്രതിപക്ഷനേതാക്കളോട് അടുപ്പം കാണിക്കുന്നതും, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച സംഭവവുമൊക്കെ പാര്‍ട്ടി നീരസത്തിന് ഇടയാക്കിയിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ പശ്ചിമബംഗാളില്‍ മമതാബാനര്‍ജി നേതൃത്വം നല്‍കിയ മെഗാറാലിയില്‍ സിന്‍ഹ പങ്കെടുത്തതും പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പാര്‍ട്ടി നേതൃത്വത്തേയും പരസ്യമായി വിമര്‍ശിച്ചതിന് നേതൃത്വവുമായി ഭിന്നതയിലായ സിന്‍ഹയ്ക്ക് പാര്‍ട്ടി സീറ്റ് നല്‍കാനിടയില്ലെന്ന് നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യത്തിന്റെ പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി ശത്രുഘ്‌നന്‍ സിന്‍ഹ പട്‌നസാഹിബില്‍ മത്സരിക്കാന്‍ സാധ്യതയുണ്ട്.

Top