ശശികലയുടെ 300 കോടിയുടെ ആസ്തി കണ്ടുകെട്ടി ആദായ നികുതി വകുപ്പ്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയിലിലായ വി കെ ശശികലയുടെ 300 കോടിയുടെ ആസ്തി ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. അവര്‍ അടുത്ത വര്‍ഷം പുറത്തിറങ്ങും. തിരിച്ചെത്തുമ്പോള്‍ താമസിക്കാന്‍ കോടികള്‍ വിലമതിക്കുന്ന ബംഗ്ലാവ് പണിയുകയായിരുന്നു ശശികല. പക്ഷേ ഈ ബംഗ്ലാവില്‍ താമസിക്കാന്‍ ശശികലയ്ക്ക് സാധിച്ചേക്കില്ല. നിര്‍മാണം നടക്കുന്ന സ്ഥലത്ത് നോട്ടീസ് പതിച്ചു.

ചെന്നൈയിലെ പോയസ് ഗാര്‍ഡനിലുള്ള ജയലളിതയുടെ വേദനിലയം ബംഗ്ലാവിനോട് ചേര്‍ന്നാണ് ശശികല പുതിയ ബംഗ്ലാവ് പണിയുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ബാക്കി കാലം ഇവിടെ താമസിക്കാമെന്നാണ് ശശികല കരുതിയത്. പക്ഷേ അത് ആദായ നികുതി വകുപ്പ് ബുധനാഴ്ച ജപ്തി ചെയ്തു. 22460 ചതുരശ്ര അടിയിലാണ് ബംഗ്ലാവ് നിര്‍മിക്കുന്നത്. ബിനാമി പേരിലാണ് ഇതുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

അടുത്ത 90 ദിവസം യാതൊരു നിര്‍മാണ പ്രവൃത്തികളും ഇവിടെ നടക്കാന്‍ പാടില്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിട്ടുണ്ട്. ശ്രീ ഹരിചന്ദന എസ്റ്റേറ്റ് എന്ന ബിനാമി കമ്പനിയുടെ പേരിലാണ് ഈ സ്ഥലം ശശികല വാങ്ങിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ പ്ലോട്ടിന്റെ രേഖകളിലോ രൂപത്തിലോ മാറ്റം വരുത്താന്‍ പറ്റില്ല. കമ്പനിയുടെ പേരില്‍ 300 കോടി രൂപയുടെ ആസ്തികളുണ്ട്.

Top