‘പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ് മോദി’പരിഹസിച്ച് തരൂർ

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍ എം.പി രംഗത്ത്. ‘പ്രയോഗിക്കാനറിയാത്ത വാളുമായി വെള്ളക്കുതിരപ്പുറത്തെത്തുന്ന ഹീറോയാണ് മോദി’ എന്നായിരുന്നു തരൂരിന്റെ പരാമര്‍ശം.

മോദിയുടേത് ഏകാംഗ സര്‍ക്കാരാണെന്നും അദ്ദേഹം പറയുന്നതിനനുസരിച്ച് തുള്ളുകയാണ് ബാക്കിയുള്ളവരെന്നും തരൂര്‍ കുറ്റപ്പെടുത്തി. ഇന്ത്യയില്‍ ഇതുവരെ ഇങ്ങനെ ഒരു കേന്ദ്രീകൃത ഓഫിസ് ഉണ്ടായിട്ടില്ലെന്നും എല്ലാ തീരുമാനങ്ങളും എടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫിസാണെന്നും തരൂര്‍ വിമര്‍ശിച്ചു.

നമുക്കുള്ളത് കീഴ്‌മേല്‍ മറിഞ്ഞ ഒരു ഭരണ സംവിധാനമാണ്. ഇന്ത്യയുടെ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം തകര്‍ന്നിരിക്കുകയാണ്. അയോദ്ധ്യ രാമക്ഷേത്ര നിര്‍മ്മാണവും, പട്ടേല്‍ പ്രതിമയുമെല്ലാം ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിനാണെന്നും തരൂര്‍ പറയുകയുണ്ടായി. അടുത്ത പാര്‍ലമെന്ററി തിരെഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ആയിരിക്കില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേസമയം ശിവലിംഗത്തിലിരിക്കുന്ന തേളിനെപോലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നായിരുന്നു ശശിതരൂരിന്റെ കഴിഞ്ഞ ദിവസത്തെ പരാമര്‍ശം. ഇതില്‍ തരൂരിനെതിരെ അപകീര്‍ത്തി കേസ് ഉയര്‍ന്നിട്ടും വീണ്ടും വിമര്‍ശനങ്ങളുമായെത്തിയിരിക്കുകയാണ് തരൂര്‍.

Top