തലൈവിക്കൊപ്പം ശശികലയും പ്രേക്ഷകരിലേക്ക് എത്തും

രാഷ്ട്രീയവും സിനിമയും കെട്ട് പിണഞ്ഞ് കിടക്കുന്നതാണ് തമിഴകം. തമിഴ്‌നാട്ടില്‍ മറ്റൊരു തിരഞ്ഞെടുപ്പ് കൂടി അടുത്ത് വരുമ്പോള്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ‘ശശികല’ എന്ന് പേരിട്ട ഈ ചിത്രം തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കുന്നതെന്നാണ് സൂചന. ”എസ്’ എന്ന സ്ത്രീയും ‘ഇ’ എന്ന പുരുഷനും ഒരു നേതാവിനോട് ചെയ്തതെന്ത്’ എന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് കുറിച്ച് കൊണ്ടാണ് രാം ഗോപാല്‍ വര്‍മ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ജയലളിതയുമായി ഏറ്റവും അടുത്ത് നിന്നിരുന്ന എസ് (ശശികല), ഇപിഎസ് (എടപ്പാടി കെ പളനിസാമി) എന്നിവരുടെ ഏറെ സങ്കീര്‍ണ്ണവും ഗൂഢാലോചന നിറഞ്ഞതുമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. ‘ഏറ്റവും അടുത്തുനില്‍ക്കുമ്പോഴാണ് കൊല്ലാന്‍ എളുപ്പ’മെന്ന തമിഴ് ചൊല്ലും ട്വീറ്റിനൊപ്പം സംവിധായകന്‍ ചേര്‍ത്തിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പായി ചിത്രം റിലീസ് ചെയ്യുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിവാദമായ ‘ലക്ഷ്മീസ് എന്‍ടിആര്‍’, ‘പവര്‍ സ്റ്റാര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാം ഗോപാല്‍ വര്‍മ ഒരുക്കുന്ന ‘ശശികല’ ചിത്രവും വിവാദത്തിനിടയാക്കാന്‍ സാധ്യതയുണ്ടാവാം. രാകേഷ് റെഡ്ഡിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയും ഉടന്‍ പ്രേക്ഷകരിലെത്തുമാണ് സൂചന. അതേസമയം അനധികൃത സ്വത്തുസമ്പാദനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുകയായിരുന്ന വി..കെ ശശികല നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് ജയില്‍ മോചിതയാകും. ശിക്ഷയുടെ ഭാഗമായ 10 കോടി പിഴ ബംഗളൂരു കോടതിയില്‍ കെട്ടിവച്ചതോടെയാണ് ശശികല ജയില്‍ മോചിതയാവുന്നത്. ജനുവരി 27നായിരിക്കും ശശികലയുടെ മോചനം. ജയിലില്‍ പോകുന്നതിന് മുമ്പ് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയായിരുന്ന ശശികല പിന്നീട് പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്നു. ജയിലില്‍ നിന്ന് പുറത്താവുന്ന ശശികല ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ കളത്തിലിറങ്ങുമോ ഇല്ലയോ എന്നൊന്നും വ്യക്തമല്ല.

Top