വാ​ട്സ് ആ​പ് ചോ​ര്‍​ത്ത​ര്‍: ത​രൂ​ര്‍ അ​ധ്യ​ക്ഷ​നാ​യ പാ​ര്‍​ല​മെ​ന്‍റ​റി സ​മി​തി പ​രി​ശോ​ധി​ക്കും

ന്യൂഡല്‍ഹി : രാഷ്ട്രീയ നേതാക്കളുടെയും അഭിഭാഷകരുടെയും ആക്ടിവിസ്റ്റുകളുടെയും വിവരങ്ങള്‍ വാട്‌സ് ആപ് വഴി ചോര്‍ത്തിയ സംഭവം പാര്‍ലമെന്ററി സമിതി പരിശോധിക്കും. കോണ്‍ഗ്രസ് എംപി ശശി തരൂര്‍ അധ്യക്ഷനായ വിവര സാങ്കേതിക കാര്യങ്ങള്‍ക്കുള്ള പാര്‍ലമെന്ററി സമിതിയാണ് വിഷയം പരിശോധിക്കുക.

കോണ്‍ഗ്രസ് എംപി ആനന്ദ് ശര്‍മ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയും വാട്‌സ് ആപ് വിഷയത്തില്‍ വിശദീകരണം തേടുകയും വിഷയം ചര്‍ച്ച ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ് വേറായ പെഗാസസ് ഉപയോഗിച്ച് 121 ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വാട്‌സ് ആപ് തന്നെ വ്യക്തമാക്കിയിരുന്നു. ആക്ടിവിസ്റ്റുകള്‍ക്കും അഭിഭാഷകര്‍ക്കും പുറമേ എഐസിസി ജനറല്‍ സെക്രട്ടരി പ്രിയങ്ക ഗാന്ധിയുടെ ഫോണും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫോണുകളില്‍ നിന്നു വിവരം ചോര്‍ത്തിയ സംഭവത്തില്‍ ഇസ്രായേല്‍ കമ്പനി എന്‍എസ്ഒയോട് ഇന്ത്യന്‍ സര്‍ക്കാര്‍ പരാതി അറിയിക്കാന്‍ പോലും തയാറായിട്ടില്ലെന്ന് കമ്മിറ്റി അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ ശശി തരൂര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൗരന്‍മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയത് സര്‍ക്കാരിന്റെ അറിവോടെയാണോ എന്നു സമിതിയില്‍ ചര്‍ച്ച ചെയ്യണം. അല്ലെങ്കില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തി ഏതെങ്കിലും വിദേശ സര്‍ക്കാരോ മറ്റേതെങ്കിലും സ്വകാര്യ ഏജന്‍സിയോ ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയതാണോ എന്നും പരിശോധിക്കണമെന്നും തരൂര്‍ വ്യക്തമാക്കുന്നു.

Top