കേഡറിനെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വ തെരഞ്ഞെടുപ്പ് നടത്തണം: ശശി തരൂര്‍

ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകരെ ശക്തിപ്പെടുത്തുന്നതിന് നേതൃത്വ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോട് ആവശ്യപ്പെട്ട് , മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാ എംപിയുമായ ശശി തരൂര്‍.രാഹുല്‍ ഗാന്ധിക്ക് അധികാരം കൈമാറാന്‍ കോണ്‍ഗ്രസ് വീണ്ടും പ്രവര്‍ത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ശശിതരൂരിന്റെ പ്രസ്താവന.

ഷീല ദീക്ഷിത്തിന്റെ മകന്‍ സന്ദീപ് ദീക്ഷിതിന്റെ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ടാണ് ശശിതരൂര്‍ ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്.

രാജ്യത്തുടനീളമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പറയുന്ന കാര്യമാണ് സന്ദീപ് ദീക്ഷിത് പരസ്യമായി പറഞ്ഞത്. ആയതിനാല്‍ തന്നെ അണികളെയും വോട്ടര്‍മാരെയും പ്രചോദിപ്പിക്കാന്‍ കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മറ്റി നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് എന്റെ അപേക്ഷ. തരൂര്‍ ട്വീറ്റ് ചെയ്തു.

മുഖ്യമന്ത്രിമാരായാലും മുന്‍ മുഖ്യന്ത്രിമാരായാലും രാജ്യസഭാംഗങ്ങളായാലും പ്രസിഡന്റാകാന്‍ യോഗ്യതയുള്ള എട്ടോളം പേരെങ്കിലും കോണ്‍ഗ്രസിലുണ്ട്. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ചിരുന്ന് ഒരു തീരുമാനം എടുക്കാത്തതില്‍ തനിക്ക് അത്ഭുതം തോന്നുന്നുവെന്നാണ് സന്ദീപ് പറഞ്ഞത്.

അമരീന്ദര്‍ സിംഗ്, അശോക് ഗെലോട്ട്, കമല്‍നാഥ്, എ.കെ.ആന്റണി, പി.ചിദംബംരം, അഹമ്മദ് പട്ടേല്‍ തുടങ്ങിയ പ്രഗല്‍ഭരായ നേതാക്കള്‍ പാര്‍ട്ടിക്കുണ്ട്. ഇവരെല്ലാം പാര്‍ട്ടിയുടെ നിലനില്‍പ്പിനായി പരിശ്രമിക്കേണ്ട സമയമാണ്. ഇവര്‍ക്കൊക്കെ ഇനി ആറോ ഏഴോ വര്‍ഷം കൂടിയേ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ സാധിക്കൂ. ബൗദ്ധികമായ സംഭാവനകള്‍ പാര്‍ട്ടിക്ക് നല്‍കാന്‍ ഇവര്‍ക്ക് കഴിയും. എല്ലാവരും ഒന്നിച്ചിരുന്ന പാര്‍ട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2019 ലെ പൊതുതെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രാഹുല്‍ ഗാന്ധി രാജിവച്ചപ്പോള്‍ 20 മാസത്തിന് ശേഷം സോണിയ ഗാന്ധിയെ ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കുകയായിരുന്നു.

Top