‘പ്രതിപക്ഷ സഖ്യത്തിന് ‘ഭാരത്’ എന്ന പേരിടണം; കേന്ദ്രസര്‍ക്കാര്‍ ബുദ്ധിശൂന്യമായ കളി അവസാനിപ്പിച്ചേക്കും: തരൂര്‍

ന്യൂഡല്‍ഹി: പ്രതിപക്ഷസഖ്യത്തിന്റെ പേര് ‘ഭാരത്’ എന്നാക്കണമെന്ന് നിര്‍ദേശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. സമൂഹമാധ്യമമായ എക്‌സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു ശശി തരൂരിന്റെ പ്രതികരണം. ‘ഭാരത്’ (അലയന്‍സ് ഫോര്‍ ബെറ്റര്‍മെന്റ്, ഹാര്‍മണി ആന്‍ഡ് റെസ്പോണ്‍സിബിള്‍ അഡ്വാന്‍സ്മെന്റ് ഫോര്‍ ടുമോറോ) ‘ഭാരത്’ എന്ന പേരിട്ടാല്‍ കേന്ദ്രസര്‍ക്കാര്‍ ബുദ്ധിശൂന്യമായ കളി അവസാനിപ്പിക്കുമെന്നും തരൂര്‍ പരിഹസിച്ചു.

ഇന്ത്യയെ ‘ഭാരത്’ എന്നാക്കുന്നതില്‍ ഭരണഘടനാപരമായ എതിര്‍പ്പില്ലെന്നും എന്നാല്‍ ഇന്ത്യയെന്ന പേര് ഒഴിവാക്കുന്ന മണ്ടത്തരം കേന്ദ്ര സര്‍ക്കാര്‍ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും കഴിഞ്ഞ ദിവസം ശശി തരൂര്‍ പ്രതികരിച്ചിരുന്നു. ജി20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്രനേതാക്കള്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിനുള്ള ക്ഷണക്കത്തില്‍ ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു പ്രയോഗിച്ചതോടെയാണ് പേരുമാറ്റം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്തൊനീഷ്യ യാത്ര സംബന്ധിച്ചു വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ ‘പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത്’ എന്നാക്കിയതോടെ ചര്‍ച്ച ചൂടുപിടിച്ചു.

തങ്ങളുടെ മുന്നണിക്ക് ‘ഇന്ത്യ’യെന്നു പേരിട്ടതോടെ വിറളി പിടിച്ചാണു രാജ്യത്തിന്റെ പേരില്‍നിന്ന് ‘ഇന്ത്യ’ ഒഴിവാക്കുന്നതെന്നു പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതോടെ ‘ഭാരത്’ എന്നു പേരുമാറ്റുന്നത് സംബന്ധിച്ച് പ്രചരണത്തെ തള്ളി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ രംഗത്തെത്തിയിരുന്നു.

Top