സെന്റർ ഫോര്‍വേഡായാണ് കളിക്കുന്നതെന്ന് ശശി തരൂര്‍; കോൺഗ്രസുകാർ പരിപാടില്‍ പങ്കെടുക്കണമെന്ന് മുരളീധരൻ

കോഴിക്കോട്: മുന്‍ നിശ്ചയിച്ച പരിപാടികളില്‍ നിന്ന് കോൺഗ്രസ് നേതാവ് ശശി തരൂര്‍ പിന്നോട്ടില്ല. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇടപെട്ട് പരിപാടികളിൽ നിന്നും ഡിസിസിയും യൂത്ത് കോണ്‍ഗ്രസും പിന്‍മാറിയെങ്കിലും തരൂർ മുന്നോട്ട് തന്നെ. രാവിലെ കോഴിക്കോട്ട് എംടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് 4 ദിവസത്തെ മലബാര്‍ പര്യടനത്തിന് തരൂര്‍ തുടക്കം കുറിച്ചു. എല്ലാ കോൺഗ്രസുക്കാർക്കും തരൂരിന്റെ പരിപാടില്‍ പങ്കെടുക്കാമെന്നും അതിന്റെ പേരിൽ നടപടി ഉണ്ടാകില്ലെന്നും കെ മുരളീധരൻ എംപി വ്യക്തമാക്കി.

വിവാദങ്ങളെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തരൂരിന്‍റെ മറുപടി ഇതായിരുന്നു.’ എല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരറ്റോടെ കാണുന്നു, രാഷ്ട്രീയത്തിലും അതുണ്ട്. ചുവപ്പ് കാര്‍ഡ് തരാന്‍ അംപയര്‍ ഇറങ്ങിയിട്ടില്ല,എല്ലാ കളികളിലും സെന്റർ ഫോര്‍വേഡായാണ് കളിക്കുന്നത്’ ഗുജറാത്ത് തെരഞഞെടുപ്പിന്‍റെ താരപ്രചാരകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.ആരെക്കെയാണ് വേണ്ടെതെന്ന് നേതൃത്വം തീരുമാനിച്ചുകാണുമെന്നും അദ്ദേഹം പറഞ്ഞു.

എംടി വാസുദേവന്‍ നായരുമായി കുടംബബന്ധമുണ്ട്. ചെറുപ്പകാലം മുതലേ അറിയാം.അച്ഛനും അമ്മയുമായും അദ്ദേഹത്തിന് അടുത്ത പരിചയമുണ്ട്. യുഎന്‍ വിട്ട് കേരളത്തിലെത്തിയ ശേഷം ആദ്യ പൊതുപരിപാടി അദ്ദേഹം സംഘടിപ്പിച്ചതായിരുന്നു. തിരക്കു മൂലം ഏറെ നാളായി അദ്ദേഹത്ത കാണാന്‍ കഴിഞ്ഞിരുന്നില്ല. ഇന്നത്തെ സന്ദര്‍ശനത്തിന് ഔദ്യോഗിക പരിവേഷമില്ല. തികച്ചും വ്യക്തിപരമായ സന്ദര്‍ശനം മാത്രമാമെന്നും തരൂര്‍ വ്യക്തമാക്കി.

ശശി തരൂർ കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹത്തിന്റെ സേവനം പാർട്ടി വിനിയോഗിക്കും എന്നാണ് കരുതുന്നതെന്നും കെ മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടത് ഇല്ലായിരുന്നുവെന്നും കോൺഗ്രസ് പരിപാടികളിൽ തരൂർ പങ്കെടുക്കുന്നതാണ് നല്ലതെന്നും കെ മുരളീധരൻ പ്രതികരിച്ചു. മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളിൽ പങ്കെടുത്തിരുന്നു. കോൺഗ്രസിന്റെ അവിഭാജ്യ ഘടകമാണ് ശിശി തരൂർ. എ ഐ സി സി തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരെ നിലപാട് എടുത്തിട്ടുണ്ട്. എന്നാല്‍, തരൂർ ഇപ്പോൾ നേതാക്കളെ കാണുന്നതിൽ എന്താണ് പ്രശ്നമെന്ന് ചോദിച്ച കെ മുരളീധരൻ, അതിന് വേറെ ഒരു കണ്ണ് കൊണ്ട് കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.

തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ്‌ നയം വ്യതമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കി.കോൺഗ്രസിൽ അങ്ങനെ ആരെയും ഒഴിവാക്കാൻ ആവില്ല. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാവുന്നജിൽ മുതിർന്ന നേതാക്കൾക്ക് ആശങ്ക ഉണ്ടോ എന്ന ചോദ്യത്തിന് നോ കമന്റ്സ് എന്നായിരുന്നു മറുപടി.

Top