താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍

ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും എന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന് പരോഷ മറുപടിയുമായി ശശി തരൂര്‍. താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍ പറഞ്ഞു. എല്ലാം ചെയ്യുന്നത് പാർട്ടിക്ക് അകത്തു നിന്നാണ്. തന്‍റെ പ്രവര്‍ത്തനം പാർട്ടി അംഗങ്ങൾക്ക് വേണ്ടിയാണെന്നും ഒരു പ്രശ്നവുമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തരൂരർ സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് തരൂർ ഉറപ്പ് നൽകി.

അതേസമയം, സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ശശി തരൂരിന്‍റെ സാന്നിദ്ധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാൻ ഒരുങ്ങുകയാണ് പ്രൊഫഷണൽ കോണ്‍ഗ്രസ്. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമാണ് ശശി തരൂരിനും ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയാണ് പ്രചാരണം. ഡോ. എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടാണ് തരൂരിന് ക്ഷണം. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതും ശ്രദ്ധേയമാണ്.

Top