കോവിഡ്; മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി ശശി തരൂര്‍; ഒപ്പം മകൾക്ക് ആശംസകളും

കോവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുയമായി ചര്‍ച്ച നടത്തിയെന്ന് ശശി തരൂര്‍ എംപി. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചും പ്രവാസികളുടെ മടങ്ങിവരവിനെക്കുറിച്ചും ചര്‍ച്ച നടത്തിയതായി ശശി തരൂര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അറിയിച്ചത്.

ഓണ്‍ലൈന്‍ വിദ്യാഭ്യാസം സംബന്ധിച്ച് വിദ്യാര്‍ത്ഥികളില്‍ നിന്ന് നിരവധി പരാതികള്‍ ഉയരുന്നുണ്ട്. ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാത്ത ഒരുപാട് വിദ്യാര്‍ഥികളുണ്ട്. കോളജ് വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മാറ്റിവെക്കുന്നതും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനഭാരം ലഘൂകരിക്കുന്നതും സംബന്ധിച്ച് ആലോചന നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും ശശി തരൂര്‍ കുറിച്ചു.

പ്രതിസന്ധികള്‍ മറികടന്നും പരീക്ഷയെഴുതാന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാകുന്നു. സൗകര്യങ്ങളില്ലെങ്കില്‍ പോലും ഓണ്‍ലൈന്‍ സംവിധാനം വഴി വിദ്യാഭ്യാസം നേടണമെന്നത് വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് ഇക്കാര്യങ്ങളില്‍ ഇളവുകള്‍ വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്ന മലയാളികള്‍ വിമാനങ്ങള്‍ സംബന്ധിച്ച് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചും ചര്‍ച്ച നടത്തി.

നമ്മുടെ എംബസികള്‍ കോവിഡ് ടെസ്റ്റ് നടത്താന്‍ പര്യാപ്തരല്ല. കേരളത്തില്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത 81 കേസുകളില്‍ 50 എണ്ണവും ഗള്‍ഫില്‍ നിന്നുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത്തരം ആളുകളില്‍ നിന്ന് മറ്റ് യാത്രക്കാരിലേക്ക് രോഗം പകരുന്നതും അതിലൂടെ വൈറസ് വ്യാപകമായി പടരുന്നതും സംബന്ധിച്ച് മുഖ്യമന്ത്രിക്ക് കടുത്ത ആശങ്കയുണ്ട്. കോവിഡ് രോഗികള്‍ക്കായി മാത്രം പ്രത്യേക വിമാനം ഒരുക്കുന്നത് പ്രശ്‌നമല്ല. കേരളം അവരെ സുരക്ഷിതരായി നോക്കുമെന്ന് ഉറപ്പാണ്.

അതേസമയം, ആരോഗ്യമുള്ളവരും രോഗബാധിതരായ ആളുകളും തമ്മില്‍ സമ്പര്ക്കത്തിലേര്‍പ്പെടുന്നതാണ് പ്രധാന പ്രശ്‌നം. ഇത് എളുപ്പത്തില്‍ പരിഹരിക്കാനാകാത്ത സുപ്രധാന പ്രശ്‌നം ആണ്. എന്നാല്‍ കടുത്ത തീരുമാനങ്ങളെടുക്കുമ്പോള്‍ നല്ല ഭരണം കാഴ്ച വയ്ക്കാനാവും. ഈ പകര്‍ച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിലും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിലും കേരളം മികച്ച റെക്കോര്‍ഡ് നിലനിര്‍ത്തുന്നുവെന്ന് ഉറപ്പുവരുത്തുകയാണെന്നും ഇതിന് മുഖ്യമന്ത്രിയെ ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു. മാത്രമല്ല
മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് ആശംസകള്‍ നേരുകയും ചെയ്തു. ‘കോവിഡിന്റെ കാലത്തെ പ്രണയം’ ഒരു പ്രത്യേക സന്തോഷം നല്‍കുന്നു! ഈ കോവിഡ് കാലത്തും നമുക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്നും തരൂര്‍ കുറിച്ചു.

Top