ഭരണകക്ഷിയിലെ പാർലമെന്റ് അംഗം ‘സ്പോൺസർ’ ചെയ്തവരാണ് ഇരച്ചുകയറിയവരെന്ന് ശശി തരൂര്‍

ന്യൂഡൽഹി : ലോക്‌സഭയിലേക്ക് ഇരച്ചുകയറിയ രണ്ടുപേരെ ‘സ്പോൺസർ’ ചെയ്തത് ഭരണകക്ഷിയിലെ പാർലമെന്റ് അംഗമാണെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് എംപി ശശി തരൂർ. സുരക്ഷാ ഭീഷണിയെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ഇവരെ സ്പോൺസർ ചെയ്തത് ഭരണകക്ഷിയിലെ സിറ്റിങ് എംപി ആണെന്നതാണ് വസ്തുത. ഇവർ സ്മോക് പിസ്റ്റളുകൾ കടത്തി. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആക്രോശിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സുരക്ഷയുടെ കാര്യത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മന്ദിരം അത്ര നന്നായി ക്രമീകരിച്ചതായി തോന്നുന്നില്ല’’– അദ്ദേഹം പറഞ്ഞു. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിലാണ് സംഭവം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് ആർഎസ്പി എംപി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. ‘‘പുക ഉയരുമ്പോഴാണ് പ്രശ്നം ശ്രദ്ധയിൽപെടുന്നത്. പാർലമെന്റിന്റെ മറ്റൊരു ഭാഗത്തായിരുന്നു, രണ്ടുപേർ മുകളിലത്തെ ഗാലറിയിൽനിന്നാണ് താഴേക്ക് ചാടിയത്. ചാടിക്കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിൽ തന്നെ അവരുടെ കൈവശമുണ്ടായിരുന്ന കാനിൽനിന്ന് മഞ്ഞ പുക ഉയരുന്നു. സത്യത്തിൽ അതു വ്യപകമായി മാറിത്തീർന്ന ഘട്ടത്തിലാണ് ഹനുമാൻ ബൈനിവാലിന്റെ നേതൃത്തിൽ അവിടെ ഉണ്ടായിരുന്ന എംപിമാർ കടന്നുകയറിയ രണ്ടു പേരെയും പിടിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ഏൽപ്പിക്കുകയും ചെയ്തത്.

ഏറ്റവും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. രണ്ടാഴ്ചയ്ക്കു മുൻപ് ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഖലിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്നവർ നൽകിയിരുന്നു. ഡിസംബർ 13 മുൻപ് ഇന്ത്യൻ പാർലമെന്റ് ആക്രമിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ല. അവിടെയുണ്ടായ പുക വിഷവാതകം ആയിരുന്നുവെങ്കിൽ എന്തുമാത്രം ദുരന്തം ഉണ്ടാകുമായിരുന്നു. വളരെ ലാഘവത്തോടു കൂടിയാണ് സർക്കാർ ഈ കാര്യം കണ്ടത്. മുന്നറിയിപ്പുകളെ പോലും അവഗണിച്ചുകൊണ്ടു നടത്തിയ ഈ പ്രവർത്തനം ഒരു തരത്തിലും നിതീകരിക്കാൻ കഴിയില്ല.

മാത്രവുമല്ല, ബിജെപിയുടെ പാർലമെന്റ് അംഗത്തിന്റെ ശുപാർശയിൽ കയറിയ രണ്ടുപേരാണ് ഇതുനടത്തിയത്. 2001 ഡിസംബർ 13ന് പാർലമെന്റിനു പുറത്താണ് ആക്രമണം നടന്നത്. ഇതു പാർലമെന്റിന് അകത്തുകയറിയാണ്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ആദ്യ സംഭവമാണ്. ഗുരുതരമായ സുരക്ഷീ വീഴ്ചയാണ്. സർക്കാർ അതിനു ഉത്തരവാദിയാണ്. ഡൽഹി പൊലീസ് മേധാവി ഉൾപ്പെടെയുള്ളവർ ഈ ഭീഷണിയെക്കുറിച്ച് ബോധവാൻമാരായിരുന്നു. അവർ‌ അലർട്ട് വാണിങ് കൊടുത്തതാണ്. ഇതു ഉണ്ടായി എന്നത് ഒരു തരത്തിലും നീതികരിക്കാൻ കഴിയില്ല’’– അദ്ദേഹം പറഞ്ഞു.

സംഭവത്തിൽ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും സഭയിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ആന്റോ ആന്റണി ആവശ്യപ്പെട്ടു. ‘‘ഒരു ശബ്ദം കേട്ട് നോക്കുമ്പോൾ, ഒരാൾ ഗാലറിയിൽ ഇരുന്ന് ചാടുന്നു. എംപിമാരുടെ സീറ്റിൽ കൂടി ചാടിച്ചാടി വരുന്നത് കണ്ട് ബൈനിവാലിന്റെ നേതൃത്തിലുള്ള സംഘം ചെന്ന് കീഴ്‌പ്പെടുത്തി. അയാളുടെ കയ്യിലെ കാനിൽനിന്നു മഞ്ഞ നിറമുള്ള വാതകം പുറത്തേക്കു പോകുന്നു. അതിനിടെ, അടുത്തയാൾ മുകളിൽനിന്ന് ചാടിക്കഴിഞ്ഞു. പുക വിതറിക്കൊണ്ടാണ് ഓടിക്കയറുന്നത്.

രാഹുൽ ഗാന്ധിയോട‌ു പുറത്തേക്കു പോകാമെന്നു പറഞ്ഞു. അദ്ദേഹം കുറച്ചുനേരം കൂടി നിന്ന് ഇവരെ കീഴ്‌പ്പെടുത്തിയതിനു ശേഷമാണു പുറത്തേക്ക് വന്നത്. ഖലിസ്ഥാൻ ഭീകരവാദികളുടെ മുന്നറിയിപ്പ് നേരത്തേ കിട്ടിയിട്ടും ഉണ്ടായ സുരക്ഷാ വീഴ്ച ഭീകരമാണ്. മെറ്റൽ കണ്ടന്റുള്ള ഒരു വസ്തു എങ്ങനെയാണ് സുരക്ഷാപരിശോധന മറികടന്ന് കൊണ്ടുവരാൻ കഴിഞ്ഞത്. ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായി. ഇതേക്കുറിച്ച് അന്വേഷണം നടത്തണം. സർക്കാർ മാപ്പു പറയണം. ഇവിടെ ഇരിക്കുന്ന ആളുകളുടെ സുരക്ഷയെ സംബന്ധിച്ച ഗ്യാരന്റി അത് ആഭ്യന്തര മന്ത്രിക്കുള്ളതാണ്. ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയും സഭയിൽ വന്ന് കാര്യങ്ങൾ വിശദീകരിക്കണം. രാജ്യത്തോട് മാപ്പുപറയണം.

Top