കോണ്‍ഗ്രസിന്റെ ചെലവില്‍ മോദി സ്തുതി വേണ്ട; ശശി തരൂരിനെതിരെ കെ.മുരളീധരന്‍

K-Muraleedharan

തിരുവനന്തപുരം: മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയ ശശി തരൂരിനെതിരെ കെ.മുരളീധരന്‍ രംഗത്ത്.

കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനയില്‍ അത്ഭുതം തോന്നിയെന്നും ഒരു കാരണവശാലും മോദിയെ സ്തുതിക്കാനോ തെറ്റുകള്‍ മൂടിവെക്കാനോ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ലെന്നും മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയില്‍ പോയി സ്തുതിക്കാമെന്നും കോണ്‍ഗ്രസിന്റെ ചെലവില്‍ അതുവേണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

ആരുടെയും കുടുംബ സ്വത്തല്ല കോണ്‍ഗ്രസ്. പാര്‍ട്ടിനേതൃത്വത്തെയും നയത്തേയും അനുസരിക്കാത്തവര്‍ക്ക് പുറത്ത് പോകാവുന്നതാണ്. താന്‍ കുറച്ച് കാലം പാര്‍ട്ടിക്ക് പുറത്ത് പോയി തിരിച്ച് വന്നയാളാണ്. മോദിയുടെ നല്ല കാര്യം കക്കൂസ് കെട്ടിയതല്ലേ. ഈ കക്കൂസില്‍ വെള്ളമില്ലെന്ന് പറഞ്ഞ ആളാണ് ഇപ്പോള്‍ മോദിയെ സ്തുതിക്കുന്നത്, മുരളീധരന്‍ പരിഹസിച്ചു.

പാര്‍ട്ടിക്കകത്തിരുന്ന് കൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ശശി തരൂരിനെ അനുവദിക്കില്ല. പാര്‍ട്ടി നിലപാടിനെതിരെ ആര് നിലപാട് എടുത്താലും അവര്‍ക്കെതിരെ നടപടി വേണം. കേസ് ഭയന്നിട്ടാണ് മോദിയെ സ്തുതിച്ചതെങ്കില്‍ കോടതിയില്‍ നേരിടണമെന്നും മുരളീധരന്‍ തുറന്നടിച്ചു.

Top