കേന്ദ്രത്തിന്റെ നടപടി ശരിയല്ല,വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും; ശശി തരൂര്‍

ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് ശശി തരൂര്‍. അറസ്റ്റ് ചെയ്ത സമയമാണ് പ്രശ്‌നം. കേന്ദ്രത്തിന്റെ നടപടി ശരിയല്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിന് ശേഷം ഇത് ചെയ്യാന്‍ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ആവശ്യമായ നിലപാട് എടുത്തൂടെ? കേന്ദ്രത്തിന്റെ നടപടി ശരിയല്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കും.

സുപ്രിംകോടതി ഇത് തടയണം. ജനാധിപത്യത്തെ ബാധിക്കുന്ന തീരുമാനം എടുക്കുന്നവര്‍ ഒരിക്കലും വീണ്ടും ഭരണത്തില്‍ വരാന്‍ അനുവദിക്കരുത്. സംഭവിച്ചതെല്ലാം അന്യായം. ഇതിന് പിന്നിലെ ഉദ്ദേശം എല്ലാവര്‍ക്കും അറിയാം. ജനാധിപത്യവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു.

കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്‌റ് അറസ്റ്റ് ചെയ്തതില്‍ രാജ്യ വ്യാപക പ്രതിഷേധത്തിനാണ് ആം ആദ്മി പാര്‍ട്ടിയും ഇന്ത്യ മുന്നണിയും ഒരുങ്ങുന്നത്. ഇ ഡി നടപടിക്കെതിരായ കെജ്രിവാളിന്റെ ഹര്‍ജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ അടിയന്തിരമായി കേസ് പരിഗണിക്കണമെന്ന എഎപി അഭിഭാഷകരുടെ ആവശ്യം സുപ്രിം കോടതി നേരത്തെ തള്ളിയിരുന്നു.കെജ്രിവാളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു.

Top