ശശി തരൂർ വിവാദം കത്തുന്നു, അപ്രതീക്ഷിത പ്രചരണത്തിൽ കാലിടറി ലീഗ് നേതൃത്വം, അണികളും രോഷാകുലർ

‘വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നൊരു പഴംചൊല്ലുണ്ട്, അത്തരമൊരു അവസ്ഥയിലാണിപ്പോള്‍ മുസ്ലീം ലീഗ് എന്ന രാഷ്ട്രീയപാര്‍ട്ടിയുള്ളത്. വിശ്വപൗരന്‍ ശശിതരൂര്‍ അദ്ദേഹത്തിന്റെ വിശ്വരൂപം കാട്ടിയപ്പോള്‍, യഥാര്‍ത്ഥത്തില്‍ തകര്‍ന്നടിഞ്ഞത് മുസ്ലീം ലീഗിന്റെ സ്വപ്നങ്ങളാണ്. കോഴിക്കോട് കടപ്പുറത്ത് ലീഗ് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയാണ് പരിപാടിയുടെ മുഖ്യാതിഥിയായിരുന്ന ശശിതരൂരിന്റെ വിവാദ പരാമര്‍ശത്തോടെ, നനഞ്ഞ പടക്കമായി മാറിയിരിക്കുന്നത്. ഹമാസിനെ തീവ്രവാദികള്‍ എന്ന് തരൂര്‍ വിശേഷിപ്പിച്ചപ്പോള്‍ , ഞെട്ടിയത് , വേദിയിലും സദസ്സിലും ഉണ്ടായിരുന്ന ലീഗ് നേതാക്കളും, പ്രവര്‍ത്തകരുമാണ്. തങ്ങളുടെ ഊഴം വന്നപ്പോള്‍, എം.കെ മുനീറും, ഇടി മുഹമ്മദ് ബഷീറും സമദാനിയും, തരൂരിന്റെ ഈ നിലപാടിനെ തിരുത്തി പറഞ്ഞെങ്കിലും ,കേരളത്തില്‍ , വലിയ രാഷ്ട്രീയസ്‌ഫോടനത്തിനാണ് , ഈ പരാമര്‍ശം തിരികൊളുത്തിയിരിക്കുന്നത്.

‘മുസ്ലീം ലീഗിന്റെ ചെലവില്‍ ശശിതരൂര്‍, ഇസ്രയേല്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്തിയെന്ന, സി.പി.എം നേതാവ് സ്വരാജിന്റെ പ്രതീകരണം, സോഷ്യല്‍ മീഡിയയെ തീ പിടിപ്പിച്ചിരിക്കുകയാണ്. തുടര്‍ന്ന് കെ.ടി ജലീലും, സമസ്ത നേതാക്കളും ഉള്‍പ്പെടെ നടത്തിയ പ്രതികരണങ്ങളും ലീഗിനെ പ്രതിക്കൂട്ടില്‍ ആക്കുന്നതാണ്. അതിരൂക്ഷമായ ഭാഷയിലാണ് ഇടതുപക്ഷവും, സമസ്തയുടെ യുവജനസംഘടനയും തരുരിനെയും , ലീഗിനെയും കടന്നാക്രമിച്ചു കൊണ്ടിരിക്കുന്നത്. ഇസ്രയേല്‍ , ലക്ഷണമൊത്ത ഒരു ഭീകര രാഷ്ട്രമാണെന്നു പറയാന്‍, കോണ്‍ഗ്രസ്സ് നേതാവിന് ഇപ്പോഴും കഴിയാത്തത് എന്തു കൊണ്ടാണ് എന്നാണ് , ഇവര്‍ ചോദിക്കുന്നത്. ടെല്‍അവീവില്‍ നിന്നും ഇസ്രയേലും, ലീഗ് വേദിയില്‍ നിന്നും ശശിതരൂരും പലസ്തീനെ ആക്രമിക്കുകയാണെന്ന സി.പി.എം നേതാവിന്റെ പരാമര്‍ശം, ലീഗ് അണികളെ ചുട്ടുപൊള്ളിക്കുന്നതാണ്. സമസ്തയെ മാറ്റി നിര്‍ത്തി… ഒറ്റയ്ക്ക് കരുത്ത് കാട്ടാന്‍ ഇറങ്ങി തിരിച്ച മുസ്ലിംലീഗിന്റെ , മുഖത്തേറ്റ കനത്ത പ്രഹരം തന്നെയാണിത്. അതെന്തായാലും , പറയാതെ വയ്യ.

ഇങ്ങനെ ഒരവസ്ഥ രാജ്യത്തെ ഒരു പാര്‍ട്ടിയും ഒരുപക്ഷേ ഇതുവരെ നേരിട്ടിട്ടുണ്ടാകുകയില്ല. സ്വന്തം വേദിയില്‍ വച്ച് മുഖ്യാതിഥി തന്നെ ‘പണി’ തന്നതില്‍ ലീഗ് അണികള്‍ മാത്രമല്ല, നേതാക്കളും രോഷാകുലരാണ്. പ്രതിഷേധം തണുപ്പിക്കാന്‍, താന്‍ പലസ്തീന്‍ ജനതയ്ക്ക് ഒപ്പമാണെന്ന് പ്രഖ്യാപിച്ച് തരൂര്‍, ഇപ്പോള്‍ വീണ്ടും രംഗത്തു വന്നിട്ടുണ്ടെങ്കിലും, അതൊന്നും തന്നെ വിലപ്പോയിട്ടില്ല. ‘തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലന്ന് തരൂര്‍ പറഞ്ഞെങ്കിലും, ഹമാസിനെ കുറിച്ചുള്ള നിലപാട് അദ്ദേഹം ഇതുവരെ തിരുത്തിയിട്ടില്ല. ഇത്, കോണ്‍ഗ്രസ്സിനും വലിയ തലവേദനയാണിപ്പോള്‍ സൃഷ്ടിച്ചിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തരൂരിന്റെ വിവാദ പ്രസംഗം, തിരിച്ചടിക്കുമെന്ന ഭയം… കോണ്‍ഗ്രസ്സിലും വളരെ ശക്തമാണ്. പലസ്തീന്‍ വിഷയത്തില്‍ , സി.പി.എം ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുമ്പോഴും , ഒരു ഏക അഭിപ്രായത്തില്‍ എത്താന്‍ , ഇതുവരെ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു സാധിച്ചിട്ടില്ല. അതിന്റെ പ്രതിഫലനം കൂടിയാണ് തരൂരിലും ദൃശ്യമായിരിക്കുന്നത്. പലസ്തീന്‍ വിഷയത്തില്‍ , സി.പി.എം ബഹുദൂരം മുന്നോട്ട് പോകുമ്പോള്‍, ഒപ്പമെത്താനാണ് കോഴിക്കോട് കടപ്പുറത്ത് ലീഗ് മഹാറാലി സംഘടിപ്പിച്ചിരുന്നത്. ലീഗിന്റെ വോട്ട് ബാങ്കായി അറിയപ്പെടുന്ന, സമസ്തയും ലീഗ് നേതൃത്വവും തമ്മിലുള്ള ബന്ധം വഷളായ അവസ്ഥയില്‍ , ഈ റാലിക്ക്… രാഷ്ട്രീയമായി വലിയൊരു പ്രാധാന്യവും ഉണ്ടായിരുന്നു. സമസ്ത ഇല്ലങ്കിലും , ലീഗ് കരുത്തരാണ് എന്ന് കാണിക്കുന്നതിനു വേണ്ടി കൂടിയാണ് , ലീഗ് റാലി സംഘടിപ്പിച്ചിരുന്നത്. അതാണിപ്പോള്‍, തരൂരിന്റെ ഒറ്റ പരാമര്‍ശത്തിലൂടെ തിരിച്ചടിച്ചിരിക്കുന്നത്.

സമസ്ത നേതൃത്വത്തെ സംബന്ധിച്ച് , ഇത് വീണു കിട്ടയ സുവര്‍ണ്ണാവസരം കൂടിയായിരുന്നു. സമസ്ത പോഷക സംഘടനാ നേതാക്കളാകട്ടെ, അത് ശരിക്കും ഉപയോഗപ്പെടുത്തുകയും ചെയ്തു. ലീഗ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ , തരൂരിനെ മുഖ്യാതിഥിയാക്കിയതില്‍, ശക്തമായ പ്രതിഷേധമാണിപ്പോള്‍ ഉയരുന്നത്. ‘ഇയാളെയാണോ , മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാന്‍ പിന്തുണയ്ക്കുന്നതെന്ന ചോദ്യവും’ ലീഗ് ഗ്രൂപ്പുകളില്‍ ശക്തമാണ്. ലീഗ് പിന്തുണയോടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള തരൂര്‍ വിഭാഗത്തിന്റെ ശ്രമത്തിനാണ് ഇതോടെ വലിയ തിരിച്ചടിയേറ്റിരിക്കുന്നത്. കോണ്‍ഗ്രസ്സിലെ തരൂര്‍ വിരുദ്ധ നേതാക്കളെ സംബന്ധിച്ച്, ആശ്വാസം പകരുന്ന വാര്‍ത്തയാണിത്.

പ്രതിപക്ഷ നേതാവിനെ ഉള്‍പ്പെടെ തഴഞ്ഞ്, ലീഗ് റാലിയില്‍… തരുരിനെ മുഖ്യാതിഥിയാക്കിയതില്‍, കടുത്ത അമര്‍ഷം , കോണ്‍ഗ്രസ്സിലെ ഒരു വിഭാഗത്തിനുണ്ട്. അവര്‍ക്ക് മനസ്സിലെങ്കിലും ആഘോഷിക്കാനുള്ള സന്ദര്‍ഭം കൂടിയാണ് , ഇപ്പോള്‍ വീണുകിട്ടിയിരിക്കുന്നത്. ലീഗ് രാഷ്ട്രീയത്തില്‍, കറുത്തപാടായാണ് പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി മാറാന്‍ പോകുന്നത്. മുസ്ലിം സമുദായത്തെ സംബന്ധിച്ച് , തരൂരിന്റെ വാക്കുകളെ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതല്ല. സമുദായ വികാരം തിരിച്ചടിച്ചാല്‍, ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയും, ഇത്തവണ വീഴാനാണ് സാധ്യത.

കാസര്‍ഗോഡ് , കണ്ണൂര്‍ , വയനാട്, വടകര, കോഴിക്കോട് , മലപ്പുറം ലോകസഭ മണ്ഡലങ്ങളിലും, മുസ്ലീം വോട്ടര്‍മാര്‍ നിര്‍ണ്ണായകമാണ്. മലപ്പുറം ലോകസഭ മണ്ഡലത്തില്‍ 2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍,യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 2,60,153 ആയിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് 5,89,873 വോട്ടും, ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി.പി.സാനുവിന്, 3,29,720 വോട്ടുകളും, ബിജെപിയുടെ വി.ഉണ്ണിക്കൃഷ്ണന്, 82,332 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. എന്നാല്‍ പിന്നീട്, കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍, ലീഗ് നേതാവ് സമദാനിക്ക് , 1,14,615 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച 2, 60, 153 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഒറ്റയടിക്ക് കുറഞ്ഞ് , 1 ,14,615 ആയി മാറിയിരുന്നത്. രണ്ട് ലീഗ് നേതാക്കളോടും മുട്ടിയ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായ വി.പി സാനുവിന് , 4,23,633 വോട്ടുകളാണ് , ലീഗിന്റെ ഈ കുത്തക മണ്ഡലത്തില്‍ ഒടുവിലായി ലഭിച്ചിരുന്നത്. ഇടതുപക്ഷത്തെ സംബന്ധിച്ച് വന്‍ വര്‍ദ്ധനയാണിത്. സമദാനിക്ക് 5,38,248 വോട്ടും, ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.പി.അബ്ദുല്ലക്കുട്ടിക്ക് 68,935 വോട്ടുകളുമാണ് ആ ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്.

മലപ്പുറം ലോകസഭ മണ്ഡലത്തില്‍ മാത്രമല്ല , ലീഗിന്റെ മറ്റൊരു കുത്തക മണ്ഡലമായ പൊന്നാനി ലോകസഭ മണ്ഡലത്തിലെയും കണക്കുകള്‍ , ലീഗിന്റെ ഉറക്കം കെടുത്തുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ മാത്രം മുന്‍ നിര്‍ത്തി പരിശോധിച്ചാല്‍, കേവലം 10,000 വോട്ടുകള്‍ക്ക് താഴെ മാത്രമാണ് , പൊന്നാനി ലോകസഭ മണ്ഡലത്തിലെ അവരുടെ ഭൂരിപക്ഷം. ഇത്തവണ മണ്ഡലം കൈവിട്ടു പോകുമോ എന്ന ഭയത്തില്‍ , മലപ്പുറത്തേക്ക് കൂടുമാറാനാണ് , സിറ്റിംഗ് എം.പി ഇടി മുഹമ്മദ് ബഷീര്‍ ശ്രമിക്കുന്നത്. അതേസമയം , കൈ എത്തും ദൂരത്തുള്ള പൊന്നാനി പിടിക്കാന്‍ , ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് , ഇടതുപക്ഷം രംഗത്തിറക്കാന്‍ പോകുന്നത്. കെ.ടി ജലീല്‍ , മന്ത്രി വി അബ്ദു റഹിമാന്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും , നറുക്ക് വീഴാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ , തീ പാറുന്ന മത്സരമാകും പൊന്നാനിയില്‍ നടക്കുക. സമസ്തയുമായുള്ള ലീഗിന്റെ ഭിന്നത അനുദിനം വര്‍ദ്ധിച്ചു വരുന്നതും , ഇടതുപക്ഷത്തെ സംബന്ധിച്ച് , ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

EXPRESS KERALA VIEW

 

Top