തരൂരിന്റെ മോഹങ്ങൾക്ക് വിരാമമിടാൻ സുധീരനെ തന്നെ രാഹുൽ രംഗത്തിറക്കും ?

കേരളത്തിലെ കോൺഗ്രസ്സിൽ ഇപ്പോൾ നടക്കുന്നത് തരൂർ ചർച്ചയാണ്. അതു മാത്രമാണ് നടക്കുന്നത് എന്ന് പറയുന്നതാകും ശരി. ഏറ്റവും ഒടുവിൽ കരുനാഗപ്പള്ളി എം.എൽ.എ കൂടിയായ യൂത്ത് കോൺഗ്രസ്സ് നേതാവ് സി.ആർ മഹേഷും, തരൂരിന് വേണ്ടിയാണ് ശബ്ദമുയർത്തിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലും 5000 മുതൽ 10000 വരെ വോട്ടുകൾ തരൂരിന് സ്വന്തമായി ഉണ്ടെന്ന വിലയിരുത്തലാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. 2017 – ൽ, രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വിവാദം സൃഷ്ടിച്ച നേതാവു കൂടിയാണ് മഹേഷ്.പാർട്ടിയെ നയിക്കാൻ താത്പര്യമില്ലെങ്കിൽ രാഹുൽ ഗാന്ധി സ്ഥാനം ഒഴിയണമെന്നായിരുന്നു മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കോൺഗ്രസിന്റെ ദയനീയ സ്ഥിതി ലാഘവത്തോടെ കണ്ടുനിൽക്കുന്ന നേതൃത്വം നീറോ ചക്രവർത്തിയെ ഓർമ്മിപ്പിക്കുന്നു. കോൺഗ്രസിന്റെ വേരുകൾ അറ്റുപോകുന്നത് കാണാൻ രാഹുൽ ഗാന്ധി കണ്ണുതുറക്കണമെന്നും മഹേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പിന്നീട് അദ്ദേഹം ഫേയ്‌സ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും, കോൺഗ്രസ്സിനോട് ഗുഡ് ബൈ പറയുകയുമാണ് ഉണ്ടായത്. പാർട്ടി കോൺഗ്രസ്സായതിനാലും, അച്ചടക്ക ലംഘനം ഒരു പ്രശ്‌നമല്ലാത്തതിനാലും അധികം താമസിയാതെ അദ്ദേഹം കോൺഗ്രസ്സിൽ തിരിച്ചെത്തുന്ന കാഴ്ചയാണ് പിന്നീട് കേരളം കണ്ടത്. കരുനാഗപ്പള്ളിയിൽ നിന്നും  കാൽലക്ഷത്തിനടുത്ത് ഭൂരിപക്ഷം നേടി വിജയിച്ച ഈ യുവനേതാവിന്റെ വിലയിരുത്തലിൽ, വീണ്ടും ഇടതുപക്ഷത്തിനു തന്നെയാണ് സാധ്യത കാണുന്നത്. 40 മണ്ഡലങ്ങളിൽ സി.പി.എം പാട്ടും പാടി ജയിക്കുമെന്ന പ്രവചനവും മഹേഷ് നടത്തിയിട്ടുണ്ട്. യു.ഡി.എഫ് നേതാക്കളെ അമ്പരിപ്പിക്കുന്ന പ്രതികരണമാണ് ,ഇപ്പോൾ ഈ പ്രതിപക്ഷ എം.എൽ.എ നടത്തിയിരിക്കുന്നത്. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്  തരൂരിനെതിരായ നേതൃത്വത്തിന്റെ നിലപാടാണെന്നതും വ്യക്തമാണ്.

തരൂർ യു.ഡി.എഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്നത്  കോൺഗ്രസ്സിലെ ഒരു വിഭാഗത്തിന്റെ ആഗ്രഹമാണ്. എന്നാൽ, ഈ അഗ്രഹത്തിന് എതിരായ നിലപാടാണ് കോൺഗ്രസ്സ് നേതൃത്വത്തിനുള്ളത്. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന വി.ഡി. സതീശൻ , കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ , ആര് മുഖ്യമന്ത്രി സ്ഥാനാർത്ഥി ആയാലും തരൂർ ആകരുതെന്ന നിലപാടുകാരാണ്. അധികാരം ലഭിച്ചാൽ, സംസ്ഥാന കോൺഗ്രസ്സിന്റെ ഘടനയെ തന്നെ തരൂർ മാറ്റുമെന്നാണ് ഈ നേതാക്കളും അവർക്കൊപ്പമുള്ളവരും കരുതുന്നത്. നെഹറു കുടുംബത്തിന് അനഭിമതനായ തരൂരിന് കേരളത്തിൽ അവസരം നൽകിയാൽ  അത് ഭാവിയിൽ കേന്ദ്രത്തിലും വെല്ലുവിളിയാകുമെന്ന ഭയം  കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിനും ഉണ്ട്. എ.ഐ.സി.സി അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിച്ച തരൂരിന്റെ നടപടി  ഒരു സൂചനയായാണ് നെഹറു കുടുംബവും നോക്കി കാണുന്നത്. ഇതെല്ലാം പരിഗണിച്ച് തന്ത്രപരമായ ഒരു നിലപാട് സ്വീകരിക്കാനാണ് കോൺഗ്രസ്സ് നേതൃത്വത്തിന്റെ നീക്കം.

ദക്ഷിണേന്ത്യയിൽ കർണ്ണാടകയിലും കേരളത്തിലും ഭരണം പിടിക്കണമെന്നതാണ് കോൺഗ്രസ്സിന്റെ അജണ്ട. ഈ പശ്ചാത്തലത്തിൽ തരൂരിനെ തഴയാൻ വി.എം സുധീരനെ മുൻ നിർത്താനാണ് രാഹുൽ ഗാന്ധി ശ്രമിക്കുക എന്നാണ്  രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്. അഴിമതി വിരുദ്ധ പ്രതിച്ഛായയും ക്ലീൻ ഇമേജുമുള്ള സുധീരൻ നിലവിൽ രാഹുൽ ഗാന്ധിയുടെ ഗുഡ് ലിസ്റ്റിൽപ്പെട്ട പ്രധാന നേതാവാണ്. തരൂരിനെ ഒഴിവാക്കാൻ സുധീരനെ പിന്തുണയ്ക്കുക എന്ന നിലപാട് അവസാന നിമിഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സ്വീകരിക്കാനും  സാധ്യത ഏറെയാണ്. സുധീര വിരോധികളായ ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്ക്  തരൂരിനോടാണ് പ്രിയമെങ്കിലും  രാഹുൽ ഗാന്ധി സുധീരന് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ അതിനെ അവർക്കും അംഗീകരിക്കേണ്ടി വരും. ഹൈക്കമാന്റിനെ വെല്ലുവിളിക്കാനുള്ള ആരോഗ്യമൊന്നും  നിലവിൽ ഉമ്മൻ ചാണ്ടിക്കില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ബാർ വിഷയത്തിലാണ്  മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും , കെ.പി.സി.സി അദ്ധ്യക്ഷനായിരുന്ന വി എം സുധീരനും ഏറ്റുമുട്ടിയിരുന്നത്. സുധീരൻ സർക്കാറിന് പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നുവരെ ഉമ്മൻചാണ്ടി പറയുകയുണ്ടായി. തുടർന്ന്, ഗത്യന്തരമില്ലാതെയാണ് സുധീരൻ കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നത്. അന്നത്തെ ആ ‘പക’ ഇപ്പോഴും സുധീരനിൽ നീറിപ്പുകയുന്നുമുണ്ട്. അതു കൊണ്ടു തന്നെ ഹൈക്കമാന്റായിട്ട് ഇനിയും ഒരവസരം തന്നാൽ, അത് അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും.

ഇടതുപക്ഷത്തെ പോലെ കെട്ടുറപ്പുള്ള ഒരു മുന്നണി സംവിധാനമോ സംഘടനാ ശേഷിയോ കോൺഗ്രസ്സിനും ഘടക കക്ഷികൾക്കും ഇല്ലാത്തതിനാൽ അവർക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടാൻ ഒരു മുഖം അനിവാര്യമാണ്. ഇടതുപക്ഷത്തിന്റെ ജനകീയ കരുത്തിനോട് പിടിച്ചു നിൽക്കാൻ  അതാകട്ടെ   അനിവാര്യവുമാണ്. ഈ സ്‌പെയ്‌സിൽ കയറി കൂടാനാണ് ശശി തരൂർ നിലവിൽ ശ്രമിക്കുന്നത്. അദ്ദേഹത്തെ താരമാക്കാൻ കൃത്യമായ പി.ആർ വർക്കും സംസ്ഥാനത്ത് നടക്കുന്നുണ്ട്. ഈ തള്ളിച്ചയിൽ ‘കാലിടറിയ ‘ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള നേതാക്കളാണ് ആര് വന്നാലും തരൂർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി വരരുതെന്ന നിലപാടിലേക്ക് ഇപ്പോൾ മാറിയിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പിൽ  ഇടതുപക്ഷം കൂടുതൽ സീറ്റുകൾ നേടിയാൽ  പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റുമാണ് പ്രതിക്കൂട്ടിലാകുക. ഈ ഘട്ടത്തിൽ ശശി തരൂരിനായി മുറവിളികൂട്ടാനാണ് കോൺഗ്രസ്സിലെ തരൂർ അനുകൂലികളുടെ നീക്കം. ഇതിനെ ഫലപ്രദമായി ചെറുക്കണമെങ്കിൽ, സുധീരനല്ലാതെ  തരൂർ വിരുദ്ധർക്കു മുന്നിലും മറ്റൊരു ഓപ്ഷനുണ്ടാകുകയില്ല. അവിടെയാണ് ഇനി  രാഹുൽ ഗാന്ധിയുടെ നിലപാട് നിർണ്ണായകമാവാൻ പോകുന്നത്.


EXPRESS KERALA VIEW

Top