ഐഎഫ്എഫ്കെ പലയിടങ്ങളിലായി നടത്തുന്ന സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരം; ശശി തരൂർ

കേരള രാജ്യാന്തര ചലച്ചിത്രമേള കോവിഡ് പശ്ചാത്തലത്തില്‍ നാല് മേഖലകളിലായി നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് തിരുവനന്തപുരം എംപി ശശി തരൂർ രംഗത്ത്. സ്ഥിരം വേദിയായ തിരുവനന്തപുരത്തുനിന്നും മാറ്റി മേള പലയിടങ്ങളിലായി നടത്തുന്നതിനെതിരെയാണ് ശശി തരൂർ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

“സര്‍ക്കാര്‍ തീരുമാനം ദൗര്‍ഭാഗ്യകരമാണ്. ഐഎഫ്എഫ്കെയെ സംബന്ധിച്ച് ഒരു മികച്ച വേദി മാത്രമല്ല തിരുവനന്തപുരം നഗരം വാഗ്‍ദാനം ചെയ്യുന്നത്, മറിച്ച് അതൊരു പാരമ്പര്യമാണ്, സൗകര്യങ്ങളാണ്. എല്ലാത്തിലുമുപരി ആവേശവും അറിവുമുള്ള സിനിമാപ്രേമികളുടെ ഇടം കൂടിയാണ്. ശശി തരൂരിന്റെ പോസ്റ്റിൽ പറയുന്നു . #IFFKMustStay എന്ന ഹാഷ് ടാഗും അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

അതേസമയം മേള തിരുവനന്തപുരത്തിന്‍റേതല്ലെന്നും കേരളത്തിന്‍റേതാണെന്നും അതിനാല്‍ത്തന്നെ നാലിടങ്ങളിലായി നടത്താനുള്ള തീരുമാനം സ്വാഗതാര്‍ഗമാണെന്നുമാണ് മറ്റൊരു വാദം. നേരത്തെ സർക്കാർ തീരുമാനം പുനഃ പരിശോധിക്കണമെന്ന് കാണിച്ച് ശബരിനാഥൻ എം എൽ എയും രംഗത്ത് വന്നിരുന്നു. ശബരീനാഥന്‍ എംഎല്‍എയുടെ അഭിപ്രായം തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നതാണെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ കമല്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

Top