ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു

ദുബായ്: ശശാങ്ക് മനോഹര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞു. ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയര്‍മാനായ ശശാങ്ക് മനോഹര്‍ തുടര്‍ച്ചയായ
രണ്ട് ടേം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് മനോഹര്‍ സ്ഥാനമൊഴിഞ്ഞത്.

പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നത് വരെ ഇമ്രാന്‍ ഖ്വാജ ഇടക്കാല ചെയര്‍മാനായി തുടരും. നിലവില്‍ ഐസിസി ഡെപ്യൂട്ടി ചെയര്‍മാനാണ് ഖ്വാജ.

2015 നവംബറിലാണ് ഐസിസി ചെയര്‍മാനായി ഇന്ത്യക്കാരനായ ശശാങ്ക് മനോഹര്‍ ചുമതലയേറ്റത്. നേരത്തെ രണ്ട് തവണ ബിസിസിഐ പ്രസിഡന്റായും (20082011, 2015 ഒക്ടോബര്‍-2016 മേയ്) ശശാങ്ക് മനോഹര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഐസിസിയെ മികച്ച രീതിയില്‍ നയിച്ചതിനും ക്രിക്കറ്റിന്റെ വളര്‍ച്ചക്കായി ചെയ്ത സേവനങ്ങള്‍ക്കും ഐസിസി ബോര്‍ഡ് ശശാങ്കിനോട് നന്ദി പറയുന്നുവെന്ന് ഐസിസി ചീഫ് എക്‌സിക്യൂട്ടീവ് മനു സ്വാഹ്നിയും ഡെപ്യൂട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖവാജയും പറഞ്ഞു.പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ അടുത്ത ആഴ്ചയോടെ ഐസിസി ബോര്‍ഡ് അംഗീകരിക്കുമെന്നാണ് സൂചന.

ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ്, മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി എന്നിവരുടെ പേരുകളാണ് പ്രധാനമായും ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്.

Top