Sharukh khan’s statement

ന്യൂഡല്‍ഹി: രാജ്യത്തോടുള്ള തന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെട്ടപ്പോഴെല്ലാം തനിക്ക് വളരെയധികം ദു:ഖം തോന്നിയതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. പല ഘട്ടങ്ങളിലും തനിക്ക് നിയന്ത്രണം വിട്ട് കരയാന്‍ തോന്നിയിട്ടുണ്ട്. താനും ഈ രാജ്യക്കാരനാണെന്നും മറ്റാരേയും പോലെ താനും രാജ്യത്തെ സ്‌നേഹിക്കുന്നതായും ഷാരൂഖ് പറഞ്ഞു

”രാജ്യം നേതാവിനെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ അത് ആരുമാകട്ടെ, അവരെ പിന്തുണയ്ക്കുകയെന്നതാണ് നമുക്ക് ചെയ്യാനാവുന്നത്. മോദിയെ രാജ്യം ഭൂരിപക്ഷത്തോടെയാണ് നേതാവാക്കിയത്. നമ്മുടെ നേതാവിന് എല്ലാ പിന്തുണയും നല്‍കി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകുകയാണ് നമ്മള്‍ ചെയ്യേണ്ടത്. നിഷേധാത്മക സമീപനമല്ല വേണ്ടത്’ ഇന്ത്യ ടി.വി.യുടെ ‘ആപ് കി അദാലത്ത്’ എന്ന പരിപാടിയില്‍ ഷാരൂഖ് വ്യക്തമാക്കി.
‘ഞാന്‍ രാഷ്ട്രീയക്കാരനല്ല. ജനങ്ങളെ വിനോദിപ്പിക്കുകയാണ് എന്റെ തൊഴില്‍. ഞങ്ങളെപ്പോലുള്ളവരെ കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ട്, എന്റെ രാജ്യത്തിന്റെ താത്പര്യത്തിന് വിരുദ്ധമായതൊന്നും ഞാന്‍ പറയില്ല’ അദ്ദേഹം പറഞ്ഞു

മോദിയെ വെട്ടിലാക്കി കോണ്‍ഗ്രസ്സിനെ സഹായിക്കാനാണ് ‘അസഹിഷ്ണുതാ പരാമര്‍ശം’ നടത്തിയതെന്ന ആരോപണവും ഷാരൂഖ് നിഷേധിച്ചു. തനിക്ക് രാഷ്ട്രീയവേര്‍തിരിവില്ലെന്നും എല്ലാ പാര്‍ട്ടികളിലും സുഹൃത്തുക്കളുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ പരാമര്‍ശത്തെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിവാദമുണ്ടാക്കുകയായിരുന്നു. ദേശം, മതം, ജാതി, വര്‍ണം, വര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ അസഹിഷ്ണുക്കളാകരുതെന്ന് യുവാക്കളെ ഉപദേശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഷാരൂഖ് വ്യക്തമാക്കി.

‘സ്വാതന്ത്ര്യസമര സേനാനിയായിരുന്നു എന്റെ അച്ഛന്‍. ഈ രാജ്യമാണ് എനിക്കെല്ലാം തന്നത്. രാജ്യം നീതികാണിച്ചില്ലെന്ന് ഞാനെങ്ങനെ പറയും? യഥാര്‍ഥത്തില്‍ ചെറിയൊരു ഇന്ത്യയാണ് എന്റെ കുടുംബം. ഞാന്‍ ജനിച്ചത് മുസ്ലിമായി, എന്റെ ഭാര്യ ഹിന്ദു. അങ്ങനെയൊരാള്‍ക്ക് ഈ രാജ്യത്തിനെതിരെ എങ്ങനെ പറയാനാവും?” അദ്ദേഹം ചോദിച്ചു. മതപരമായ അസഹിഷ്ണുത രാജ്യത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകുമെന്ന് കഴിഞ്ഞ നവംബറില്‍ ഷാരൂഖ് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ഒട്ടേറെ ബി.ജെ.പി. നേതാക്കളും സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയിരുന്നു.

Top