കസ്ഗഞ്ച് കലാപം; 70, 000 രൂപ തലയ്ക്ക് വിലയിട്ട ഷാര്‍പ്പ് ഷൂട്ടര്‍ ഡല്‍ഹിയില്‍ പിടിയില്‍

thanveer

കസ്ഗഞ്ച്: ഉത്തര്‍പ്രദേശ് കസ്ഗഞ്ചിലെ ഷാര്‍പ്പ് ഷൂട്ടര്‍ ഡല്‍ഹിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പിടിയിലായി. മുനവര്‍ എലിയാസ് തന്‍വീര്‍ എന്ന ഷാര്‍പ്പ് ഷൂട്ടറെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളുടെ തലയ്ക്ക് 70,000 രൂപയാണ് പൊലീസ് വിലയിട്ടിരുന്നത്.

യുപിയിലെ ‘ചെന്നു ഗാങ്ങിലെ പ്രധാന അംഗമാണ് ഇയാള്‍. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നു രാവിലെ ഡല്‍ഹി പൊലീസ് നടത്തിയ തിരച്ചിലിനിടെയാണ് ഇവരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലീസ് നടത്തിയ റെയ്ഡില്‍ ഇവരില്‍ നിന്ന് അനധികൃത തോക്കുകളും കണ്ടെത്തിയിരുന്നു.

പൊലീസ് സംഘം തങ്ങളെ താവളം വളഞ്ഞുവെന്ന് മനസിലാക്കിയ തന്‍വീര്‍ പൊലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുള്ളറ്റ് ഫ്രൂഫ് ധരിച്ചിരുന്നതിനാല്‍ പൊലീസിന്റെ ഒരു വെടിയുണ്ട പോലും ഇയാളുടെ മേല്‍ ഏറ്റിരുന്നില്ല. ഇയാളുടെ കൂട്ടാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തന്‍വീറിനെതിരെ പന്ത്രണ്ടോളം കൊലക്കേസുകളാണ് നിലവില്‍ ഉള്ളതെന്ന് പൊലീസ് അറിയിച്ചു.

ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ തിരംഗ യാത്രയ്ക്കിടെ നടന്ന വര്‍ഗീയ കലാപത്തില്‍ ചന്ദന്‍ ഗുപ്ത വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇയാള്‍ക്കെന്തെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.

ഉത്തര്‍പ്രദേശിലെ കസ്ഗഞ്ച് ജില്ലയില്‍ റിപ്പബ്ലിക് ദിനത്തിനിടെയാണ് കലാപം ഉണ്ടായത്. രണ്ടു സമുദായത്തിലെ അംഗങ്ങള്‍ ഏറ്റുമുട്ടുകയും, സംഭവത്തില്‍ ഒരാള്‍ മരിക്കുകയും, നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസിലെ മുഖ്യ പ്രതിയായ സലീം ജാവേദ് എന്ന മുപ്പത്തൊന്നുകാരന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

അതേസമയം സലീമിന്റെ സഹോദരന്മാരായ നസീം, വാസിം എന്നിവര്‍ക്കു വേണ്ടി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്. ഇവര്‍ സമാജ് വാദി പാര്‍ട്ടിയുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണെന്നും പൊലീസ് അഭിപ്രായപ്പെട്ടു. കേസിലെ മറ്റൊരു പ്രതി റാഹത്ത് ഖുറേഷിയെ കഴിഞ്ഞ ശനിയാഴ്ച അറസ്റ്റു ചെയ്തിരുന്നു. അതിര്‍ത്തിക്കടുത്ത് ആയുധങ്ങളും,തോക്കുമുള്‍പ്പെടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Top