പാകിസ്ഥാന്‍ വളഞ്ഞവഴിയില്‍ ആണവ ടെക്നോളജി കൈക്കലാക്കാന്‍ നോക്കുന്നു; ജര്‍മ്മനി

പാകിസ്ഥാന്റെ സഞ്ചാരം നേര്‍വഴിക്കല്ലെന്ന മുന്നറിയിപ്പുമായി ജര്‍മ്മനി. അനധികൃതമായ മാര്‍ഗ്ഗത്തിലൂടെ ആണവ, ബയോളജിക്കല്‍സ കെമിക്കല്‍ ആയുധങ്ങള്‍ക്കുള്ള സാങ്കേതികവിദ്യ കരസ്ഥമാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളില്‍ അടുത്ത വര്‍ഷങ്ങളില്‍ വന്‍വര്‍ദ്ധനവ് ഉണ്ടായതായി ജര്‍മ്മന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ വെളിപ്പെടുത്തി.

ജര്‍മ്മനിക്ക് പുറമെ മറ്റ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നായി ആണവ ഉത്പന്നങ്ങള്‍ കൈക്കലാക്കാന്‍ പാകിസ്ഥാന്‍ വന്‍തോതില്‍ ശ്രമിക്കുന്നതായി 2018ല്‍ പുറത്തുവിട്ട ജര്‍മ്മന്‍ ആഭ്യന്തര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു. ഈ ഭീഷണി സജീവമായി തുടരുന്നുവെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തെളിയിക്കുന്നത്. ജര്‍മ്മനിയിലെ വിപുലമായ ഹൈടെക് കമ്പനികളില്‍ നിന്നും ആയുധങ്ങള്‍ക്കുള്ള സാങ്കേതികവിദ്യ സ്വന്തമാക്കുന്നത് സംബന്ധിച്ച് പാര്‍ലമെന്ററിലെ ലെഫ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ ചോദ്യത്തിനാണ് പാകിസ്ഥാന്റെ വളഞ്ഞവഴികള്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.

ഇറാന്‍ പോലുള്ള രാജ്യങ്ങളുടെ അനധികൃത ശ്രമങ്ങള്‍ 2010 മുതല്‍ കുറഞ്ഞിട്ടുണ്ടെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതിന് വിപരീതമായ നിലയിലാണ് പാകിസ്ഥാന്റെ പോക്ക്. അടുത്ത വര്‍ഷങ്ങളിലായി വന്‍കുതിപ്പാണ് ആണവ, ബയോളജിക്കല്‍, കെമിക്കല്‍ ആയുധങ്ങള്‍ കൈക്കലാക്കാനുള്ള ആ രാജ്യത്തിന്റെ ശ്രമം. നോര്‍ത്ത് കൊറിയ, സിറിയ എന്നിവരും ഈ ശ്രമങ്ങള്‍ തുടരുന്നുണ്ട്.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെയ്ക്കാത്ത പാകിസ്ഥാന്‍ ആജന്മശത്രുക്കളായ ഇന്ത്യക്കെതിരെയാണ് വമ്പിച്ച സൈനിക ആണവ ടെക്‌നോളജി സ്വരൂപിക്കുന്നതെന്ന് ജര്‍മ്മന്‍ ഇന്റലിജന്‍സ് ഏജന്‍സി അനരുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. നിലവില്‍ 130 മുതല്‍ 140 വരെ ആണവ ആയുധങ്ങള്‍ പാകിസ്ഥാനിലുണ്ടെന്നാണ് കരുതുന്നത്. കശ്മീര്‍ സംഘര്‍ഷം പരിഗണിച്ച് പാകിസ്ഥാനുള്ള ആയുധ വിതരണം ഫെഡറല്‍ ഗവണ്‍മെന്റ് തടയണമെന്ന് ലെഫ്റ്റ് പാര്‍ട്ടി നേതാവ് ഡാഗ്‌ഡെലെന്‍ ആവശ്യപ്പെട്ടു.

Top