ഷാരോണ്‍ വധം: കോടതിയില്‍ മൊഴി മാറ്റി ഗ്രീഷ്‍മ

തിരുവനന്തപുരം: ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചത് പൊലീസിന്റെ ഭീഷണിയെ തുടർന്നാണെന്ന് പ്രതി ഗ്രീഷ്മ. അച്ഛനേയും അമ്മയേയും കേസിൽ പ്രതികളാക്കുമെന്നായിരുന്നു ഭീഷണിയെന്നും കോടതിയിൽ ഗ്രീഷ്മ മൊഴി നൽകി. കോളിളക്കം സൃഷ്ടിച്ച ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്‍മയെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഹാജരാക്കിയത്. തനിക്ക് ചില പരാതികൾ പറയാനുണ്ടെന്ന് നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയോടാണ് ഗ്രീഷ്മ അറിയിച്ചത്.

തുടർന്ന് പ്രതിയെ നേരിട്ട് ഹാജരാക്കാൻ ജയിൽ അധികൃതരോട് കോടതി നിർദ്ദേശിച്ചു. സുഹൃത്തായ ഷാരോണിനെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്ന് ഗ്രീഷ്മ കോടതിയിൽ ഇന്നലെ ഹാജരാക്കിയപ്പോൾ നേരിട്ട് പറഞ്ഞു. അച്ഛനെയും അമ്മയെയും പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റസമ്മതം നടത്തിച്ചതെന്നാണ് ഗ്രീഷ്മയുടെ മൊഴി. കോടതി മുറിയിലുണ്ടായിരുന്ന മറ്റ് ആളുകളെ ഒഴിപ്പിച്ച ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.  എന്നാൽ ഗ്രീഷ്മയുടെ ആരോപണം തള്ളുകയാണ് അന്വേഷണ സംഘം. പ്രതികൾ രക്ഷപ്പെടാനായി കോടതിയിൽ മൊഴിമാറ്റുന്നത് സ്വാഭാവികമാണെന്നും ഗ്രീഷ്മക്കെതിരെ  ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. അതേസമയം ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി കോടതി 14 ദിസത്തേക്ക് കൂടി നീട്ടി ഉത്തരവിറക്കി.

Top