ഷാരോൺ വധക്കേസ്; കുളത്തിൽ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു

തിരുവനന്തപുരം: പാറശ്ശാല ഷാരോൺവധക്കേസിൽ നിർണായക തെളിവായ വിഷക്കുപ്പി കണ്ടെടുത്തു. കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് അടുത്തുള്ള കാട്ടിൽ നിന്നാണ് കളനാശിനിയുടെ കുപ്പി കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ​ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽ കുമാറാണ് കുപ്പി ഉപേക്ഷിച്ച സ്ഥലം പൊലീസിന് കാണിച്ചു കൊടുത്തത്. തുടർന്ന് നടത്തിയ തിരച്ചിലിൽ പച്ച അടപ്പുള്ള വെളുത്ത നിറത്തിലുള്ള കുപ്പി കണ്ടെടുക്കുകയായിരുന്നു.

ഉച്ചയ്ക്ക് 12.30-ഓടെയാണ് ഷാരോൺ കൊലക്കേസിൽ പോലീസിന്റെ തെളിവെടുപ്പ് ആരംഭിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് ചൊവ്വാഴ്ച തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതികളെ തിരുവനന്തപുരത്തു നിന്നും ​ഗ്രീഷ്മയുടെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള തമിഴ്നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. ഇവിടെ നിന്നാണ് ​ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവർമൻ ചിറയിലേക്ക് കൊണ്ടുവന്നത്.

ഷാരോണിന് കഷായത്തിൽ ചേർത്തു നൽകിയ കളനാശിനിയുടെ കുപ്പി പറമ്പിലേക്ക് എറിഞ്ഞു കളഞ്ഞെന്നും, പിന്നീട് അമ്മാവൻ അവിടെ നിന്നും അതെടുത്തു മാറ്റിയെന്നുമായിരുന്നു ഗ്രീഷ്മ പൊലീസിന് മൊഴി നൽകിയിരുന്നത്. പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് ഗ്രീഷ്മയുടെ വീടിന്റെ പരിസരത്ത് തടിച്ചുകൂടിയിരുന്നത്.

പാറശ്ശാല ഷാരോൺ വധക്കേസിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കൊലപ്പെടുത്തുന്നതിനായി കഷായത്തിൽ വിഷം കലർത്തി നൽകിയത് തമിഴ്‌നാട്ടിലായതിനാൽ തുടരന്വേഷണത്തിലെ നിയമപരമായ ആശയക്കുഴപ്പം ദുരീകരിക്കുന്നതിനാണ് നിയമോപദേശം തേടിയത്. ഷാരോണിന് വിഷം കലർന്ന കഷായം നൽകിയത് ഗ്രീഷ്മയുടെ കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലെ വീട്ടിൽ വെച്ചാണ്.

ഈ വീട് സ്ഥിതി ചെയ്യുന്നത് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. ഷാരോൺ മരിച്ചത് കേരളത്തിൽ വെച്ചാണ്. ഷാരോൺ വധക്കേസിൽ പരാതി ലഭിച്ചതും കേസ് രജിസ്റ്റർ ചെയ്തതും കേരളത്തിലെ പാറശ്ശാല പൊലീസാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിൽ നിയമ പ്രശ്‌നങ്ങളുണ്ടോ, തമിഴ്‌നാട് പൊലീസിന് കേസ് കൈമാറേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണ സംഘം നിയമോപദേശം തേടിയത്.

Top