ചികിത്സക്കായി ലഭിച്ച പണത്തിന്റെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് നടി ശരണ്യ

ട്യൂമര്‍ ബാധിച്ച് ചികിത്സാ ചിലവിനായി ബുദ്ധിമുട്ടുന്ന നടി ശരണ്യയുടെ വാര്‍ത്തകള്‍ അടുത്തിടെ മാധ്യമങ്ങളിലൂടെ നമ്മള്‍ അറിഞ്ഞതാണ്. സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന താരത്തിന് ചികിത്സ സഹായത്തിനായി സിനിമാ മേഖലയില്‍ നിന്നും നിരവധി സഹായങ്ങള്‍ ലഭിച്ചിരുന്നു. ഇപ്പോഴിതാ അങ്ങനെ ലഭിച്ച പണത്തില്‍ നിന്ന് ഒരു തുക പ്രളയ ദുരിതാശ്വാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നല്‍കിയിരിക്കുകയാണ് ശരണ്യ. പതിനായിരം രൂപയാണ് നടി ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.

‘സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും’ ശരണ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ജൂണിലാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരണ്യ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.

Top