ബിജെപിയെ തോല്‍പിക്കേണ്ട ജോലി കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികള്‍ക്കു കൊടുത്തോ?

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് എഎപിയെ വിജയിപ്പിച്ച ഡല്‍ഹി വോട്ടര്‍മാര്‍ക്ക് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം ‘സല്യൂട്ട്’ നല്‍കിയതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്ത്.

“എല്ലാ ബഹുമാനത്തോടും കൂടി ചോദിക്കട്ടെ, ബിജെപിയെ തോല്‍പിക്കേണ്ട ജോലി കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികള്‍ക്കു കൊടുത്തോ?. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ പിന്നെന്തിനാണ് നമ്മുടെ തിരിച്ചടിയില്‍ ആശങ്കപ്പെടുന്നതിനേക്കാള്‍ എഎപിയുടെ വിജയത്തില്‍ ആഘോഷിക്കുന്നത്. ഇനി ഉത്തരം അതെ എന്നാണെങ്കില്‍ കോണ്‍ഗ്രസ് യൂണിറ്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതാണു നല്ലത്” ശര്‍മിഷ്ഠ തുറന്നടിച്ചു.

“ഡല്‍ഹിയില്‍ നമ്മള്‍ വീണ്ടും പിന്നോട്ടുപോയി. ഇനി പ്രവര്‍ത്തനമാണു വേണ്ടത്. മുകള്‍ തട്ടില്‍ തീരുമാനം എടുക്കുന്നതു വൈകല്‍, സംസ്ഥാന തലത്തില്‍ തന്ത്രങ്ങളോ ഐക്യമോ ഇല്ലാത്തത്, താഴെത്തട്ടുമായി ബന്ധമില്ലാത്തത്, പ്രവര്‍ത്തകരെ നിരുല്‍സാഹപ്പെടുത്തുന്നത് തുടങ്ങി കാരണങ്ങള്‍ നിരവധിയുണ്ട്. പാര്‍ട്ടിയുടെ ഭാഗമാണെന്നിരിക്കെ, ഞാനും ഉത്തരവാദിത്തം ഏല്‍ക്കുന്നു. ബിജെപിയുടേതു ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെങ്കില്‍ കോണ്‍ഗ്രസിന്റേത് ‘സ്മാര്‍ട് രാഷ്ട്രീയമാണ്’. നമ്മള്‍ എന്താണു ചെയ്യുന്നത്” ശര്‍മിഷ്ഠ പ്രതികരിച്ചു.

“ആം ആദ്മി പാര്‍ട്ടി വിജയിച്ചു. ബിജെപിയുടെ ധ്രുവീകരണമുണ്ടാക്കുന്നതും അപകടകരവുമായ അജണ്ടയെ ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും ഉള്‍പ്പെടുന്ന ഡല്‍ഹിയിലെ ജനങ്ങള്‍ പരാജയപ്പെടുത്തി. 2021 ലും 2022 ലും തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതൊരു മാതൃകയാണ്. ഡല്‍ഹിയിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു” എന്നായിരുന്നു ചിദംബരം ട്വിറ്ററില്‍ കുറിച്ചത്.

ഇത് രണ്ടാം തവണയാണ് ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങുന്നത്.തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കോണ്‍ഗ്രസ് സംപൂജ്യരായിരുന്നു. 2015-ലും കോണ്‍ഗ്രസിന് സമാന അവസ്ഥയായിരുന്നു. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല.

66 സീറ്റില്‍ സ്ഥാനാര്‍ത്ഥികളെ മത്സര രംഗത്തിറക്കിയ കോണ്‍ഗ്രസിന് 63 ഇടങ്ങളില്‍ കെട്ടിവെച്ച കാശ് നഷ്ടമായി. പാര്‍ട്ടിയുടെ കനത്ത തോല്‍വിയെ തുടര്‍ന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര സ്ഥാനമൊഴിഞ്ഞു.

ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് അരവിന്ദര്‍ സിംഗ് ലവ്‌ലി, ബദ്‌ലി മണ്ഡലത്തില്‍ നിന്ന് ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ നിന്ന് അഭിഷേക് ദത്ത് എന്നിവര്‍ക്ക് മാത്രമാണ് കെട്ടിവെച്ച കാശ് തിരിച്ചുകിട്ടിയത്. ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയുമായി സഖ്യമായിട്ടാണ് കോണ്‍ഗ്രസ് മത്സരിച്ചത്. നാല് സീറ്റില്‍ ആര്‍ ജെ ഡിയും മത്സരിച്ചു.

Top