കരുംകുളം തീരത്ത് വലയിൽ കുടുങ്ങി വെള്ളുടുമ്പ് സ്രാവ്; കടലിലേക്ക് തിരിച്ചയച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരുംകുളം കടൽത്തീരത്ത് വിരിച്ച കരമടി വലയിൽ ഉടുമ്പ് സ്രാവ് കുടുങ്ങി. വെള്ളുടുമ്പ് ഇനത്തില്‍പ്പെട്ട സ്രാവാണ് കലമടി വലയില്‍ കുടുങ്ങിയത്.  അപകടകാരിയല്ല എന്നാൽ ഭക്ഷണമായി ഇതിനെ ഉപയോഗിക്കാറില്ല. സാധാരണയായി കടലിന്‍റെ അടിത്തട്ടിൽ കാണപ്പെടുന്ന ഈ മത്സ്യം ഏങ്ങനെയാണ് തീരദേശത്തേക്ക് എത്തിയതെന്ന് അറിയില്ല. അബദ്ധത്തില്‍ കരമടിവലയില്‍ കുടുങ്ങിയതാവാമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

കരുംകുളത്തെ ജോസഫ് പൊന്നയ്യന്‍റെ കരമടിയിലാണ് ഈ വെള്ളുടുമ്പ് സ്രാവ് കുടുങ്ങിയത്. മത്സ്യത്തൊഴിലാളികൾ സ്രാവിനെ കടലിൽത്തന്നെ തിരികെവിട്ടു. വെള്ളുടുമ്പ് സ്രാവ് വന്യജീവി നിയമപ്രകാരം സംരക്ഷിത മത്സ്യമാണ്.

സൂര്യപ്രകാശം ഇഷ്ടമില്ലാത്ത ഇവ സാധാരണയായി കടലിന്‍റെ അടിത്തട്ടിലാണ് സ്ഥിരമായി കാണുക. മത്സ്യ വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ മത്സ്യമാണ് വെള്ളുടുമ്പ്. പുരാതനകാലത്ത് മരം കൊണ്ട് നിർമിച്ചിരുന്ന വള്ളങ്ങൾളുടെ അടിഭാഗാത്ത് ഈ സ്രാവിൽ നിന്നും എടുക്കുന്ന എണ്ണ ഉപയോഗിച്ചിരുന്നു.

Top