കുറ്റവാളികളെ കണ്ടെത്താന്‍ അത്യാധുനിക ഡ്രോണുകളുമായി ഷാര്‍ജ പൊലീസ്

ഷാര്‍ജ: കുറ്റവാളികളെ മുഖം നോക്കി കണ്ടെത്താന്‍ സാധിക്കുന്ന അത്യാധുനിക ഡ്രോണുകളുമായി ഷാര്‍ജ  പൊലീസ്. ഒളിവിലുള്ള കുറ്റവാളികളെയാണ് ഡ്രോണുകള്‍ കണ്ടെത്തുക. കൃത്രിമ ബുദ്ധി ഉപയോഗിച്ച് കുറ്റവാളിയുടെ ചിത്രം വീഡിയോ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഡ്രോണിലെ ക്യാമറ റോഡുകളിലും ജനം കൂടുന്ന സ്ഥലങ്ങളിലും ചുറ്റിക്കറങ്ങി സെര്‍വറിലെ ചിത്രവുമായി സാമ്യമുള്ളവരെ കണ്ടെത്തും. ഇത്തരത്തില്‍ ആള്‍ക്കൂട്ടത്തിനിടയിലുള്ള കുറ്റവാളിയെ ഡ്രോണ്‍ കണ്ടെത്തിയാല്‍ ഉടന്‍ അയാളെ പിടികൂടാന്‍  പൊലീസിന് സാധിക്കും.

അപകടകരമായ രീതിയില്‍ ഡ്രൈവ് ചെയ്യുന്നവരെ പിടികൂടാനും ഡ്രോണ്‍ ഉപയോഗിക്കുന്നുണ്ട്. നിയമം ലംഘിച്ച വാഹനത്തിന്റെ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഡ്രോണ്‍ പകര്‍ത്തും. ഗതാഗതക്കുരുക്ക്, വാഹനാപകടങ്ങള്‍ എന്നിവയുടെ കാരണങ്ങള്‍ കണ്ടെത്താനും ഡ്രോണ്‍ ഉപയോഗിക്കും.കൊവിഡ് നിയമലംഘകരെ പിടികൂടാനും  പൊലീസ് ഡ്രോണിന്റെ സഹായം തേടുന്നുണ്ട്. കഴിഞ്ഞ മാസം മാത്രം 200 ദൗത്യങ്ങള്‍ ഡ്രോണ്‍ വഴി നിര്‍വഹിച്ചതായി ഷാര്‍ജ പൊലീസ് ഇന്നൊവേഷന്‍ ബ്രാഞ്ച് ഡയരക്ടര്‍ ക്യാപ്റ്റന്‍ സഈദ് ബിന്‍ ഹദ പറഞ്ഞു. അപകടങ്ങള്‍ ഡ്രോണുകളില്‍ പതിഞ്ഞാല്‍ അതിവേഗം ലക്ഷ്യസ്ഥാനത്ത്  പൊലീസിന് എത്തിച്ചേരാന്‍ പറ്റും. ദുരന്ത മേഖലകളിലും ഡ്രോണില്‍ നിന്നുള്ള ചിത്രങ്ങള്‍  പൊലീസിന് ഉപകാരപ്പെടുന്നുണ്ട്.

 

Top