ഷാര്‍ജ ടു ഇന്ത്യ ടു ഇന്ത്യ ടു ഷാര്‍ജ; ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത് തിരുവനന്തപുരം വിമാനത്താവളം വഴി

ഷാര്‍ജയില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് ഷാര്‍ജയിലേക്കും ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ സഞ്ചരിച്ചത് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴി. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഷാര്‍ജ തിരുവനന്തപുരം റൂട്ടില്‍ യാത്ര ചെയ്തത് 1.16 ലക്ഷം ആളുകളെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കിലാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഒന്നാമത് എത്തിയത്.

കുറഞ്ഞ നിരക്കും എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള കണക്ടിവിറ്റിയുമാണ് തിരുവനന്തപുരം ഷാര്‍ജ റൂട്ട് യാത്രക്കാരുടെ പ്രിയപ്പെട്ടതായത്.
ഒരു മാസം ശരാശരി 39000 പേരാണ് നിലവില്‍ തിരുവനന്തപുരം-ഷാര്‍ജ റൂട്ടില്‍ യാത്ര ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏതാണ്ട് 10 ശതമാനമാണ് വര്‍ധന. എയര്‍ അറേബ്യ പ്രതിദിനം 2 സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസ്സും ഇന്‍ഡിഗോയും ഓരോ സര്‍വീസുകള്‍ വീതവും ഈ റൂട്ടില്‍ നടത്തുന്നുണ്ട്. 88689 യാത്രക്കാരുമായി നെടുമ്പാശ്ശേരി വിമാനത്താവളവും, 77859 യാത്രക്കാരുമായി ഡല്‍ഹി വിമാനത്താവളവുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

Top