യുനെസ്‌കോയുടെ 2019 ലെ ലോക പുസ്തക തലസ്ഥാനമായി ഷാര്‍ജ

ഷാര്‍ജ: ലോക പുസ്തക തലസ്ഥാനമായി ഷാര്‍ജ ഇനി അറിയപ്പെടും. അക്ഷര ലോകത്തിനും സാംസ്‌കാരിക മേഖലയ്ക്കും നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഓരോ വര്‍ഷവും യുനെസ്‌കോ നല്‍കിവരുന്ന ഈ അംഗീകാരത്തിന് 2019 ലേക്കാണു ഷാര്‍ജ തിരഞ്ഞെടുക്കപ്പെട്ടത്.

ഗിനി തലസ്ഥാനമായ കൊണാക്രിയാണ് 2017 ലെ ലോക പുസ്തക തലസ്ഥാനം. ഏതന്‍സാണ് അടുത്ത വര്‍ഷം ഈ പദവി അലങ്കരിക്കുക.

വായനാശീലം വളര്‍ത്തിയെടുക്കുക, രാജ്യാന്തര പ്രസാധകര്‍ക്കു നല്‍കുന്ന അവസരങ്ങള്‍, സാംസ്‌കാരികവും വൈജ്ഞാനികവുമായ വളര്‍ച്ച എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താണ് അറബ് മേഖലയ്ക്കുള്ള ഈ അംഗീകാരം.

സാഹിത്യ- സാംസ്‌കാരിക പരിപാടികളുടെ നീണ്ട വേദിയായി ഷാര്‍ജ മാറും. ഇതിനായുള്ള സമിതികള്‍ക്ക് ഉടന്‍ രൂപം നല്‍കും.

യുനെസ്‌കോയുടെ ഇത്തരത്തിലുള്ള അംഗീകാരം നേടുന്ന ആദ്യ ഗള്‍ഫ് നഗരമാണ് ഷാര്‍ജ. 1998ല്‍ അറബ് സാംസ്‌കാരിക തലസ്ഥാനമായും 2014 ല്‍ ഇസ്ലാമിക സാഹിത്യ തലസ്ഥാനമായും 2015ല്‍ അറബ് ടൂറിസം തലസ്ഥാനമായും ഷാര്‍ജ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

യുഎഇയില്‍ ആദ്യമായി സ്‌കൂളും പൊതു ലൈബ്രറിയും സ്ഥാപിച്ച എമിറേറ്റാണു ഷാര്‍ജ.

ഷാര്‍ജയ്ക്കു ലഭിച്ച ഈ രാജ്യാന്തര അംഗീകാരം അഭിമാനാര്‍ഹമാണെന്ന് എമിറേറ്റ്‌സ് പബ്ലിഷേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും ഷാര്‍ജ വേള്‍ഡ് ബുക്ക് ക്യാപ്പിറ്റല്‍ സംഘാടക സമിതി മേധാവിയുമായ ഷെയ്ഖ് ബദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.

ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പ്രവര്‍ത്തനങ്ങളാണ് ഈ നേട്ടത്തിന് ഷാര്‍ജയെ അര്‍ഹമാക്കിയത്.

Top