ഒന്നരക്കോടി ദിര്‍ഹത്തിന്റെ മയക്കുമരുന്നുമായി സംഘം ഷാര്‍ജ പൊലീസിന്റെ പിടിയില്‍

arrest

ഷാര്‍ജ: ഷാര്‍ജയില്‍ ഒന്നരക്കോടി ദിര്‍ഹത്തിന്റെ (ഏകദേശം 26 കോടിയോളം രൂപ) മയക്കുമരുന്ന് പിടിച്ചെടുത്ത് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് 20 ഏഷ്യന്‍ വംശജരുള്‍പ്പെടെയുള്ള സംഘത്തെ പിടികൂടി. വളരെ അപകടകാരിയായ ക്രിസ്റ്റല്‍ മയക്കുമരുന്നാണ് ഷാര്‍ജ പൊലീസിന്റെ ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.

വാട്‌സാപ്പ് ഗ്രൂപ്പ് വഴിയായിരുന്നു സംഘം മയക്കുമരുന്ന് കൈമാറ്റം നടത്തിയിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ആദ്യം ഏതെങ്കിലും സ്ഥലത്ത് പ്ലാസ്റ്റിക് ക്യാരിബാഗിനുള്ളില്‍ മയക്കുമരുന്ന് നിറച്ച് കുഴിച്ചിടും. തുടര്‍ന്ന് അവിടെനിന്ന് ഫോട്ടോയെടുത്ത് വാട്‌സാപ്പില്‍ സ്ഥലമേതെന്ന വിവരം പങ്കുവെക്കും. ഇത് ഗ്രൂപ്പിലുള്ള ചുമതലപ്പെട്ടയാള്‍ എടുത്ത് ആവശ്യക്കാരില്‍ എത്തിക്കും.

തുടര്‍ന്ന് ഷാര്‍ജയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിന് തുടക്കം കുറിയ്ക്കുകയായിരുന്നു. സംശയാസ്പദമായ രീതിയില്‍ കണ്ട ദൃശ്യങ്ങളെ പിന്തുടര്‍ന്ന ഷാര്‍ജ പൊലീസും ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പും സംയുക്തമായി അന്വേഷണം തുടങ്ങി.

ഒരുമാസം നീണ്ട പരിശ്രമത്തിനൊടുവില്‍ മയക്കുമരുന്നുശേഖരം പിടികൂടുകയായിരുന്നു. ഇത്തരത്തില്‍ 19 കിലോ മയക്കുമരുന്നാണ് വിവിധ ഇടങ്ങളില്‍ വെച്ച് കണ്ടെടുത്തിരിക്കുന്നതെന്നും, ഇതിന് ഒന്നരക്കോടി ദിര്‍ഹം വില മതിക്കുമെന്നും ഷാര്‍ജ പൊലീസ് അറിയിച്ചു.

Top