വാഹനവ്യവസായ ചരിത്രത്തെ ഓര്‍മിപ്പിച്ച് ഷാര്‍ജ ക്ലാസ്സിക് കാര്‍ മ്യൂസിയം

ഷാര്‍ജ: ഇരുപതാംനൂറ്റാണ്ടിലെ വാഹനവ്യവസായ ചരിത്രത്തെ ഓര്‍മിപ്പിച്ച് ഷാര്‍ജ ക്ലാസ്സിക് കാര്‍ മ്യൂസിയം. 1915 മുതലുള്ള മോഡല്‍ കാറുകളെയാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കാണാനും അവയുടെ നിര്‍മാതാക്കളെ പരിചയപ്പെടാനും ഇതിലൂടെ അവസരമൊരുക്കുന്നു. മനുഷ്യപുരോഗതിയുടെ ചരിത്രത്തില്‍ വാഹനങ്ങളുടെ സ്ഥാനം ഒട്ടും ചെറുതല്ലയെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് വിന്റേജ് ക്ലാസ്സിക് കാറുകള്‍ അണിനിരത്തിയിരിക്കുന്ന മ്യൂസിയത്തിലെ കാഴ്ചകള്‍.

അഞ്ചു ഘട്ടങ്ങളായി തിരിച്ചാണ് ഇവിടെ കാറുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പഴയ കാലഘട്ടത്തിലെ കാറുകളുടെ എന്‍ജിന്‍ പ്രവര്‍ത്തനം, നിര്‍മാണരീതി, ഇന്ധനച്ചെലവ് തുടങ്ങിയവയെക്കുറിച്ചുള്ള വിശദീകരണവും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധം കഴിയുന്നതുവരെ നിര്‍മിച്ച മോഡലുകളാണ് പ്രധാനമായും പ്രദര്‍ശനത്തിലുള്ളത്. 1915ല്‍ നിര്‍മിച്ച ഡോഡ്ജ് ആണ് കൂട്ടത്തിലെ കാരണവര്‍. തൊട്ടുപിറകെ 1918ല്‍ നിര്‍മിച്ച ഫോര്‍ഡുമുണ്ട്. തുകല്‍ സീറ്റുകളും സിഗരറ്റ് ലൈറ്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ശബ്ദമില്ലാത്ത എന്‍ജിനുമായി പ്രൗഢിയോടെ നിരക്കുന്ന റോള്‍സ്‌റോയ്‌സ് കാറുകള്‍ വാഹനപ്രേമികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഒരു വിരുന്ന് തന്നെ ഒരുക്കുന്നു.

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളും പുതിയ കണ്ടുപിടിത്തങ്ങളും വാഹനസങ്കല്പങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ കണ്ട് വളരെ വിസ്മയത്തോടെയാണ് ഓരോ സന്ദര്‍ശകനും മ്യൂസിയം വിടുന്നത്. ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് എട്ടുവരെയാണ് മ്യൂസിയത്തിലെ സന്ദര്‍ശനസമയം.

Top