ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ഒരുക്കം തകൃതി; മേള നവംബര്‍ മൂന്നു മുതല്‍

ഷാര്‍ജ: അക്ഷരങ്ങളുടെ ന്യൂക്ലിയസില്‍നിന്ന് ഉയര്‍ന്നുവന്ന മഹാത്ഭുതങ്ങളും ഗവേഷണങ്ങളുമാണ് ചുറ്റും പരന്നുകിടക്കുന്നതെന്നും മുന്നില്‍ ‘എല്ലായ്‌പ്പോഴും ഒരു ശരിയായ പുസ്തകമുണ്ട്’ എന്നും ഓര്‍മപ്പെടുത്തുന്ന 40ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ ഒരുക്കം തകൃതി.നവംബര്‍ മൂന്നു മുതല്‍ 13 വരെ ഷാര്‍ജ വേള്‍ഡ് എക്‌സ്‌പോ സെന്ററിലാണ് മേള.83 രാജ്യങ്ങളിലെ 1,576 പ്രസിദ്ധീകരണശാലകള്‍ പങ്കെടുക്കുന്ന മേളയില്‍ മുന്നിലുണ്ട് മലയാളം.

പവലിയനുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.നൂറിലധികം മലയാള പുസ്തകങ്ങളാണ് ഇന്ത്യന്‍ പവലിയനകത്തെ റൈറ്റേഴ്‌സ് ഫോറത്തില്‍ പ്രകാശനം ചെയ്യപ്പെടുന്നത്. പ്രസാധകരുടെയും സംഘടനകളുടെയും സ്റ്റാളുകളുടെ നിര്‍മാണം ഇന്ത്യന്‍ പവലിയനില്‍ പുരോഗമിക്കുകയാണ്. കോവിഡ് മുന്‍കരുതലുകള്‍ പാലിച്ചാണ് പവലിയനുകള്‍ ഉയരുന്നത്.

അക്ഷരോത്സവം സുരക്ഷിതമാക്കാന്‍ പൊലീസ്, സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് എന്നിവയുടെ സേവനമുണ്ട്. പാതവക്കുകളില്‍ പുസ്തകോത്സവത്തിന്റെ വരവറിയിച്ച് അലങ്കാരങ്ങളും ആവിഷ്‌കാരങ്ങളും നിറഞ്ഞു. കൂടുതല്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ബസ്, ടാക്‌സി എന്നിവ ഉദ്ഘാടന ദിവസം മുതല്‍ വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 

Top