നാലാമത് മരുഭൂനാടകോത്സവത്തിന് തുടക്കം കുറിച്ച് ഷാര്‍ജ

ഷാര്‍ജ: ഷാര്‍ജയില്‍ നാലാമത് മരുഭൂനാടകോത്സവങ്ങള്‍ക്ക് തുടക്കം. ഷാര്‍ജയില്‍ മലീഹയിലെ അല്‍ കുഹൈഫ് പ്രദേശത്താണ് ഒട്ടകവും കുതിരയും മനുഷ്യരോടൊപ്പം അരങ്ങിലെത്തുന്ന മരുഭൂനാടകങ്ങള്‍ അരങ്ങേറുന്നത്.

നാടകോത്സവത്തിന്റെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയാണ് നിര്‍വ്വഹിച്ചത്.

ജോര്‍ഡന്‍ കലാകാരന്‍മാര്‍ അരങ്ങിലെത്തിച്ച അല്‍ മഹാബിഷോടെ നാടക അരങ്ങുണര്‍ന്നു. നാടകോത്സവത്തില്‍ മണല്‍ പരപ്പിലെ വിശാലമായ അരങ്ങില്‍ മരുഭൂമിയിലെ ജീവിതത്തെ അവതരിപ്പിക്കുകയാണ് കലാകാരന്‍മാര്‍.

സമൂഹത്തിന്റെ മൂല്യങ്ങളും പാരമ്പര്യങ്ങളും വെളിപ്പെടുത്തി ഷാര്‍ജ നാഷണല്‍ തിയ്യറ്റര്‍ ഒരുക്കിയ അല്‍ ഫസാ എന്ന നാടകം ഫെസ്റ്റിവെലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.

പരിധിയില്ലാത്ത അരങ്ങില്‍ ജീവിതത്തിന്റെ ഏടുകളെ നാടകമായ് അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് മരുഭൂ തിയ്യറ്ററുകളുടെ കരുത്ത്. നിരവധി പേരാണ് നാടകങ്ങള്‍ ആസ്വദിക്കാനെത്തുന്നത്. നാടക ഉത്സവത്തില്‍ പങ്കെടുക്കുന്ന എല്ലാ നാടക കലാകാരന്‍മാരുടെയും പരിശ്രമങ്ങളെ ശൈഖ് സുല്‍ത്താന്‍ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

Top