സംസ്‌കരിച്ചത് 25,000ത്തോളം മൃതദേഹങ്ങള്‍; മുഹമ്മദ് ഷരീഫിന് പത്മശ്രീ

ന്യൂഡല്‍ഹി: 25,000 അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിച്ചയാള്‍ക്ക് പത്മശ്രീ. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യ്തത്. ഫൈസാബാദ് സ്വദേശിയായ മുഹമ്മദ് ഷരീഫിനാണ് പത്മശ്രീ ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം മകനെ നഷ്ടമായതാണ് ഷെരീഫ് ചാച്ച എന്ന് വിളിക്കുന്ന മുഹമ്മദ് ഷെരീഫിന്. എന്നാല്‍ കാണാതായി ഒരു മാസം കഴിഞ്ഞപ്പോഴാണ് മകന്റെ മരണ വിവരം ഈ പിതാവ് അറിയുന്നത്. അന്നുമുതലാണ് അദ്ദേഹം അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിച്ചു തുടങ്ങിയത്.

ശനിയാഴ്ചയാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് 140 പത്മ അവാര്‍ഡുകളുടെ പട്ടിക അംഗീകരിച്ചത്. ഇതില്‍ 7 പത്മ വിഭൂഷണ്‍, 16 പത്മ ഭൂഷണ്‍, 118 പത്മ ശ്രീ അവാര്‍ഡുകളാണുളളത്. എല്ലാ വര്‍ഷവും മാര്‍ച്ച് അല്ലെങ്കില്‍ ഏപ്രില്‍ മാസത്തില്‍ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ഛണ്ഡിഗഡിലെ പിജിഐ ആശുപത്രിക്കു പുറത്ത് രോഗികള്‍ക്കും മറ്റു പാവപ്പെട്ടവര്‍ക്കും സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ജഗദീഷ് ലാല്‍ അഹൂജ, ജമ്മു കശ്മീരില്‍നിന്നുളള സാമൂഹ്യപ്രവര്‍ത്തകനായ ജാവേദ് അഹമ്മദ് തക് എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

Top