ശ്രീലങ്കന്‍ തമിഴരുടെ കഥ പറയുന്ന ‘ആണ്ടാള്‍’

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്‌കാരം ലഭിച്ച ‘കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍’ സംവിധായകന്‍ ഷെറിഫ് ഈസ ഒരുക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ആണ്ടാള്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇര്‍ഷാദ് അലി, അഭിജ, ധന്യ അനന്യ, സാദിഖ് എന്നീ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ ശീലങ്കന്‍ തമിഴരും ചിത്രത്തിലുണ്ടാകും. ഇന്ന് കേരളത്തിലും തമിഴ്നാട്ടിലുമടക്കം ജീവിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥയാണ് ആണ്ടാള്‍ എന്ന ചിത്രം. 1800കളില്‍ തോട്ടം തൊഴിലിനായി ബ്രീട്ടീഷുകാര്‍ തമിഴരെ ശ്രീലങ്കയിലേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ 1964ലെ ശാസ്ത്രി-സിരിമാവോ ഉടമ്പടി പ്രകാരം മൂന്ന് തലമുറക്ക് ശേഷം ഇവര്‍ കൈമാറ്റപ്പെട്ടിരുന്നു. ഇതോടെ അവരെ കൂട്ടത്തോടെ കേരളത്തിലെ നെല്ലിയാമ്പതി, ഗവി, കുളത്തുപുഴ, തുടങ്ങിയ കാടുകളിലും രാമേശ്വരം പോലുള്ള അപരിഷ്‌കൃത ഇടങ്ങളിലും പുനരധിവസിപ്പിച്ചു. ഇവര്‍ അവിടെ കാടിനോടും പ്രതികൂല ജീവിത ആവാസ വ്യവസ്ഥകളോടും പൊരുതി അതിജീവിച്ചു എന്നാണ് കഥ.

‘അപര്യാപ്തമായ പരിഗണനങ്ങള്‍ക്കപ്പുറത്ത് സ്വന്തം നാട്, മണ്ണ്, പെണ്ണ്, കുടുംബം, സ്വത്വം തുടങ്ങിയ ജീവിതബന്ധങ്ങളുടെ ശൈഥില്യങ്ങള്‍ അവരെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ജനിച്ചുകളിച്ചു വളര്‍ന്ന മണ്ണില്‍ മനസ്സ് ആണ്ടുപോയ മനുഷ്യരുടെ അസ്വസ്ഥതകളാണ് ആണ്ടാള്‍ പറയുന്നത്. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ആഭ്യന്തരപ്രശ്നങ്ങള്‍ തൊട്ട് എല്‍ടിടിഇയും രാജീവ്ഗാന്ധി വധവും യുദ്ധവും തീവ്രവാദവും തുടങ്ങി ലോകത്തെമ്പാടും നടക്കുന്ന അഭയാര്‍ത്ഥി ജീവിതത്തിന്റെ അനുരണനങ്ങള്‍ ഏതുവിധം ശ്രീലങ്കന്‍ തമിഴനെ ബാധിക്കുന്നുവെന്ന് ചിത്രം പറയുന്നു.’ ഇക്കാര്യങ്ങള്‍ കുറിച്ച് കൊണ്ടാണ് ഫേസ്ബുക്കില്‍ ചിത്രത്തിന്റെ പോസ്റ്റര്‍ ഷെരീഫ് ഈസ പങ്കുവെച്ചത്.

ഗവി, ധനുഷ്‌കോടി, ശ്രീലങ്ക എന്നിവിടങ്ങളിലാണ് ‘ആണ്ടാളി’ന്റെ ചിത്രീകരണം നടക്കുക. ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദ് അലിയും അന്‍വന്‍ അബ്ദുള്ളയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. രചന നിര്‍വ്വഹിക്കുന്നത് പ്രമോദ് കൂവേരിയാണ്. വിനു കാവനാട്ട്, നിശാന്ത് എ.വി എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രോഡ്യൂസര്‍. സന്തോഷ് പ്രസാദ്, ഷാജി അസീസ് എന്നിവരാണ് ലൈന്‍ പ്രോ:. രഞ്ജിന്‍ രാജാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കുന്നത്. പ്രശോഭാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്. അരുണ്‍ മനോഹര്‍ കോസ്റ്റ്യൂസും എം.ഷൈജു സൗണ്ട് ഡിസൈനും നിര്‍വ്വഹിക്കുന്നു. കെ.ജി.ബാബുവാണ് പ്രൊഡക്ഷന്‍ കോ-ഓഡിനേറ്റര്‍. രഞ്ജിത്ത് മണിലിപ്പറമ്പാണ് മേക്കപ്പ് നിര്‍വ്വഹിക്കുന്നത്. ഷെബി ഫിലിപ്പാണ് ആര്‍ട്ട്. ഷിജി.ടി.വി ഫസ്റ്റ് അസി.ഡയരക്ടറും ടോണി മാണിപ്ലാക്കല്‍ സ്റ്റില്‍സും ചെയ്യുന്നു. ഡിഐ. നികേഷ് രമേഷ്. അസി.ഡയറക്ടര്‍: ശരത് കെ. ചന്ദ്രന്‍, രാജേഷ് ബാലന്‍. ആര്‍ട്ട്.അസി: ഉണ്ണികൃഷ്ണന്‍ മോറാഴ. കേമറ അസി: രഞ്ജിത്ത് പുത്തലത്ത്. ഡ്രോണ്‍: പ്രതീഷ് മയ്യില്‍.

Top