‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചു; കുഞ്ചാക്കോ ബോബനെതിരെ സൈബര്‍ ആക്രമണം

കഴിഞ്ഞ ദിവസമാണ് നിമിഷ സജയന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. നടന്‍ കുഞ്ചാക്കോ ബോബനും പോസ്റ്റര്‍ പങ്കുവച്ചിരുന്നു. എന്നാല്‍ താരം പോസ്റ്റര്‍ പങ്കുവച്ചതിന് പിന്നാലെ പ്രതിഷേധമറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കുരിശില്‍ നിന്നും ഇറക്കിയ ശേഷം മാതാവിന്റെ മടിയില്‍ കിടക്കുന്ന യേശുവിന്റെ ചിത്രവുമായി സാമ്യമുള്ളതാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. എന്നിട്ട് അതിന് ചേര എന്ന് പേര് കൊടുത്തിരിക്കുന്നു. അത്തരം സിനിമകള്‍ക്ക് ചാക്കോച്ചന്‍ പിന്തുണ അറിയിക്കുന്നത് നിരാശാജനകമാണെന്നാണ് പ്രതിഷേധിക്കുന്നവര്‍ പറയുന്നത്. ഇപ്പോഴത്തെ സിനിമാക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറയുന്നത് മതവികാരം വ്രണപ്പെടുത്തലാണെന്നും പോസ്റ്റിന് താഴെ കമന്റ് വന്നിട്ടുണ്ട്.

മൈക്കലാഞ്ജലോയുടെ ലോകപ്രശസ്ത ശില്‍പമായ പിയത്തയെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ചേരയുടെ ഫസ്റ്റ് ലുക്ക് ചെയ്തിരിക്കുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രം അര്‍ജുന്‍ എംസിയാണ് നിര്‍മ്മിക്കുന്നത്.നജീം കോയയുടേതാണ് തിരക്കഥ.

അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഷഹബാസ് അമന്‍ സംഗീതം പകരുന്നു. അജോയ് ജോസ് ആണ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. അലക്സ് ജെ പുളിക്കല്‍ ക്യാമറയും ഫ്രാന്‍സീസ് ലൂയിസ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ഫ്രൈഡേ, ലോ പോയന്റ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചേര.

നേരത്തെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഈശോ എന്ന ചിത്രത്തിനെതിരെയും സമാനമായ രീതിയില്‍ പ്രതിഷേധങ്ങളും സൈബര്‍ ആക്രമണങ്ങളും നടന്നിരുന്നു. ഈശോ എന്ന പേര് മാറ്റണമെന്നായിരുന്നു ആവശ്യം. സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

 

Top