വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം പങ്കിടാം; പുതിയ ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്താന്‍ വാട്‌സ്ആപ്പ്

ര്‍ഷാവസാനം പുതിയ മറ്റൊരു ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്താന്‍ വാട്‌സ്ആപ്പ് തയാറാക്കുന്നതായി റിപ്പോര്‍ട്. വീഡിയോ കോളിനിടെ സുഹൃത്തുക്കളുമായി സംഗീതം ഒരുമിച്ച് കേള്‍ക്കാനും പങ്കിടാനും കഴിയുന്ന ഒരു ഫീച്ചര്‍ ആണ് വാട്‌സ്ആപ്പ് എത്തിക്കാനൊരുങ്ങുന്നത്. ഏതാനും നാള്‍ മുമ്പ് പുറത്തിറക്കിയ സ്‌ക്രീന്‍ ഷെയറിങ് ഫീച്ചറിന്റെ തുടര്‍ച്ചയായിട്ടാണ് പുതിയ മ്യൂസിക് ഷെയറിങ് ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ തയാറെടുക്കുന്നത്. വീഡിയോ കോളിനിടെ മാത്രമാണ് ഇത്തരത്തില്‍ മ്യൂസിക് പങ്കിടാന്‍ സാധിക്കുക. ഓഡിയോ കോളുകളില്‍ ഈ സൗകര്യം ലഭ്യമാകില്ല.

നിലവില്‍ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിട്ടില്ല.ഐഒഎസ് ആപ്പുകള്‍ക്കായുള്ള ഫീച്ചറാണ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ബീറ്റ പതിപ്പ് എപ്പോള്‍ എത്തുമെന്നോ, ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഫീച്ചര്‍ എപ്പോള്‍ അവതരിപ്പിക്കുമെന്നോ വ്യക്തമായിട്ടില്ല. വീഡിയോ കോള്‍ ചെയ്യുന്നതിനോടൊപ്പം തന്നെ സംഗീതം ആസ്വദിക്കാനും കോളില്‍ ഉള്ള ആളുമായി ഒരുമിച്ച് കേള്‍ക്കാനും കഴിയുന്ന പുതിയ ഫീച്ചര്‍ ഉടന്‍ തന്നെ ഉപഭോക്താക്കളിലേക്ക് എത്തിയേക്കും.

ഈ വര്‍ഷം ഓഗസ്റ്റിലാണ് വാട്സ്ആപ്പ് സ്‌ക്രീന്‍ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിച്ചത്. സ്‌ക്രീന്‍ ഷെയര്‍ ഫീച്ചറിലൂടെ ഡോക്യുമെന്റ് ഷെയറിംഗ്, പ്രസന്റേഷന്‍ ഷോകേസുകള്‍ പോലുള്ള ജോലികള്‍ ലളിതമാകുന്നു. പുതിയ ഫീച്ചര്‍ കൂടി എത്തുന്നതോടെ വാട്‌സ്ആപ്പ് വീഡിയോകോളുകള്‍ കൂടുതല്‍ ഇന്ററാക്ടീവ് ആക്കാം.

Top