ഇന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ; ആർബിഐ നയപ്രഖ്യാപനം നിർണായകം

ന്ത്യൻ വിപണി ഇന്നും നേട്ടത്തിൽ അവസാനിച്ചു. രാജ്യാന്തര വിപണി നേട്ടത്തോടെ ആരംഭിച്ചത് ഗുണകരമായി. മറ്റ് ഏഷ്യൻ വിപണികളുടെ കുതിച്ചു കയറ്റവും, യൂറോപ്യൻ വിപണികളുടെ പോസിറ്റീവ് തുടക്കവും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായ ഘടകമായി. ജാപ്പനീസ് വിപണി ഇന്ന് 2%ൽ കൂടുതൽ മുന്നേറി.

ഐടിയും, പൊതു മേഖല ബാങ്കുകളും, എഫ്എംസിജിയും ഒഴികെ മറ്റ് എല്ലാ സെക്ടറുകളും ഇന്ന് നേട്ടം കുറിച്ചു. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകളും നേരിയ മുൻതൂക്കം സ്വന്തമാക്കി.

മികച്ച തുടക്കത്തിന് ശേഷം 18640 പോയിന്റ് കടക്കാനാകാതെ പോയ നിഫ്റ്റി 18580 പോയിന്റിൽ പിന്തുണ നേടി 18593 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 18580 പോയിന്റിലെ പിന്തുണ നഷ്ടമായാൽ 18530 പോയിന്റിലും 18460 പോയിന്റിലും നിഫ്റ്റി പിന്തുണ നേടിയേക്കാം. 18660 പോയിന്റ് പിന്നിടാനായാൽ 18730 മേഖലയിൽ നിഫ്റ്റി വില്പന സമ്മർദ്ദം നേരിട്ടേക്കാം.

44266 പോയിന്റ് വരെ മുന്നേറിയ ശേഷം 44101 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 44000 പോയിന്റിൽ നാളെ പിന്തുണ പ്രതീക്ഷിക്കുന്നു. ബാങ്ക് നിഫ്റ്റി 44300 പോയിന്റിലും 44500 പോയിന്റിലും റെസിസ്റ്റൻസ് പ്രതീക്ഷിക്കുന്നു.

വ്യാഴാഴ്ചത്തെ ആർബിഐയുടെ നയപ്രഖ്യാപനങ്ങൾ ബാങ്കിങ്, ഫിനാൻസ്, ഓട്ടോ, ഹൗസിങ് ഓഹരികൾക്ക് വരും ദിനങ്ങളിൽ നിർണായകമാണ്. നിലവിലെ നിരക്കുകളിൽ ആർബി മാറ്റം വരുത്തിയേക്കില്ല എന്നാണ് വിപണിപ്രതീക്ഷ. നിലവിൽ റിപ്പോ നിരക്ക് 6.5 ശതമാനവും, റിവേഴ്‌സ് റിപ്പോ നിരക്ക് 3.35ശതമാനവും, ക്യാഷ് റിസേർവ് റേഷ്യോ 4.50 ശതമാനവുമാണ്.

ജൂൺ 14ന് വരാനിരിക്കുന്ന പുതിയ ഫെഡ് നിരക്കിൽ തന്നെയായിരിക്കും ഈ ആഴ്ചയിൽ അമേരിക്കൻ വിപണിയുടെ ശ്രദ്ധ. നിരക്ക് വർദ്ധന പ്രതീക്ഷയിൽ ബോണ്ട് യീൽഡ് മുന്നേറുന്നത് അമേരിക്കൻ ബിഗ് ടെക്ക് സെക്ടറിൽ ലാഭമെടുക്കലിന് വഴിവെച്ചേക്കാം. ആഴ്ചാവസാനത്തോടെ ലോക വിപണിയിൽ ഫെഡ് നിരക്ക് വർധനയുടെ ഭയം വ്യാപിച്ചേക്കാവുന്നതും വാങ്ങൽ അവസരമായി കണക്കാക്കാക്കാം.

ചൈനയുടെയും, ജപ്പാന്റെയും, ഇന്ത്യയുടെയും മികച്ച സർവീസ് പിഎംഐ ഡേറ്റകളാണ് ഏഷ്യൻ വിപണികൾക്ക് ഇന്ന് അനുകൂലമായത്. യൂറോപ്യൻ രാജ്യങ്ങൾ ഫ്ലാറ്റ് സർവീസ് പിഎംഐ ഡേറ്റകൾ പുറത്ത് വിട്ടപ്പോൾ യൂറോസോൺ പിപിഐ ഡേറ്റ തുടർച്ചയായി വളർച്ച ശോഷണം കുറിച്ചതും യൂറോപ്യൻ വിപണികൾക്ക് അനുകൂലമാണ്. അമേരിക്കയുടെ സർവിസ് പിഎംഐ ഡേറ്റ പുറത്ത് വരാനിരിക്കുന്നത് ഇന്ന് അമേരിക്കൻ വിപണിക്കും പ്രധാനമാണ്.

സൗദിയുടെ ഏകപക്ഷീയമായ ഉല്പാദന നിയന്ത്രണ ഭീഷണി ക്രൂഡ് ഓയിലിന് ഏഷ്യൻ വ്യാപാരസമയത്ത് തന്നെ മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 77.40 ഡോളറിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ സർവിസ് പിഎംഐ ഡേറ്റകളിലെ മുന്നേറ്റവും ക്രൂഡിന് പിന്തുണ നൽകി. ഫെഡ് നിരക്ക് വർദ്ധന ഭീഷണി ക്രൂഡിനും നിർണായകമാണ്.

Top