ഓഹരി വിപണി; അദാനിക്ക് ഇന്ന് നിര്‍ണായകം

മുംബൈ: ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് വ്യാഴം, വെള്ളി ദിവസങ്ങളിൽ കനത്ത ഇടിവ് നേരിട്ട അദാനി ഗ്രൂപ്പിന് ഇന്ന് നിർണായകം. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനികൾക്ക് ഈ ആഴ്ചത്തെ വ്യാപാരം ആരംഭിക്കുന്ന ഇന്നും നഷ്ടം നേരിടുമോ എന്നതാണ് നിക്ഷേപകർ ആശങ്കയോടെ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ കഴിഞ്ഞ ദിവസങ്ങളിലെ പോലെ ഓഹരി വിപണിയെ ഒന്നാകെ ബാധിക്കുമെന്ന ചിന്തയാണ് നിക്ഷേപകരുടെ ആശങ്ക വർധിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ ഹിൻഡൻബർഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ഓഹരി വിപണിയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി രാജ്യത്തെ ഓഹരി നിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപയാണ് നഷ്ടമായത്.

അദാനി ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനായ ഗൗതം അദാനിയുടെ ആസ്തിയിൽ നാലുലക്ഷം കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ ലോക സമ്പന്നരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് നിന്ന് ഗൗതം അദാനി ഏഴാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

Top